കുന്നംകുളം: ഷെയർ ആന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രദേശത്തെ ആംബുലൻസ് ഡ്രൈവർമാർക്ക് ഇൻഷ്വറൻസ് സുരക്ഷ ഒരുക്കുന്നു. വിവിധ സ്ഥാപനങ്ങളുടെ ആംബുലൻസുകൾ ഓടിക്കുന്ന 13 ഡ്രൈവർമാർക്കാണ് 3 ലക്ഷം രൂപയുടെ ക്യാഷ്‌ലെസ് ചികിത്സാ സൗകര്യവും 5 ലക്ഷം രൂപയുടെ അപകട മരണ ഇൻഷ്വറൻസും ഒരുക്കുന്നത്. ഷെയർ ആന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി 85000 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പ്രസിഡന്റ് ലെബീബ് ഹസൻ, സെക്രട്ടറി ഷെമീർ ഇഞ്ചിക്കാലയിൽ, വൈസ് പ്രസിഡന്റ് പി.എം. ബെന്നി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മഹാമാരിക്കാലത്ത് കുന്നംകുളം പ്രദേശത്തെ ആംബുലൻസ് ഡ്രൈവർമാർ നടത്തിയ സേവനങ്ങൾ പരിഗണിച്ചാണ് ഇവർക്ക് ഒരു വർഷത്തെ ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കാൻ ഷെയർ ആന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി തീരുമാനിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു പ്രദേശത്തെ മുഴുവൻ സ്വകാര്യ ആംബുലൻസ് ഡ്രൈവർമാർക്കും ഇൻഷ്വറൻസ് പദ്ധതി നടപ്പാക്കുന്നത്. ഷെയർ ആന്റ് കെയർ ചാരിറ്റബിൾ സൊസൈറ്റി, ലൈഫ് കെയർ, പരസ്പരം സഹായ സമതി, കുന്നംകുളം ആക്ട്‌സ്, എരുമപ്പെട്ടി ആക്ട്‌സ്, അൽമന, പന്നിത്തടം എസ്.കെ.എസ്.എസ്.എഫ്, കാട്ടകാമ്പാൽ സേവാഭാരതി, യൂത്ത്‌കെയർ, സി.പി.എം, ഐ.സി.യു പൾസ് ആംബുലൻസ്, വടുതല ഡോള ചാരിറ്റബിൾ സൊസൈറ്റി, കുന്നംകുളം താലൂക്ക് ആശുപത്രിയിലെ താത്കാലിക ആംബുലൻസ് ഡ്രൈവർ എന്നിവരെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഷെയർ ആൻഡ് കെയർ പ്രവർത്തകർ പറഞ്ഞു.