അന്നമനട വെണ്ണൂർത്തുറ പുനരുദ്ധാരണ പദ്ധതിക്ക് തുടക്കം

മാള: വെണ്ണൂർത്തുറ സമഗ്ര വികസന പദ്ധതിക്ക് തുടക്കമാകുന്നു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന

പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം റവന്യു മന്ത്രി കെ. രാജൻ 12ന് ഉച്ചതിരിഞ്ഞ് മൂന്നിന് നിർവഹിക്കും. ചാലക്കുടി, കൊടുങ്ങല്ലൂർ നിയോജക മണ്ഡലം എം.എൽ.എമാരും മറ്റ് ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുക്കും.

മാള, ചാലക്കുടി ബ്ലോക്ക് പഞ്ചായത്തുകളും മാള, അന്നമനട, കുഴൂർ, കാടുകുറ്റി പഞ്ചായത്തുകളും, വിവിധ സർക്കാർ ഏജൻസികളും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നെത്. ചാലക്കുടി പുഴയിൽ നിന്ന് ആരംഭിച്ച് ചാലക്കുടി പുഴയിൽ തന്നെ അവസാനിക്കുന്ന 14 കിലോമീറ്റർ നീർച്ചാലുകളും തുറകളും പുനരുജ്ജീവിപ്പിക്കുന്ന പദ്ധതിയാണ് വെണ്ണൂർത്തുറ വികസന പദ്ധതി. എം.പി, എം.എൽ.എ ഫണ്ടും, നബാർഡിന്റെയും സഹായത്തോടെയും പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.

ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ പ്രവർത്തനങ്ങൾക്കായി നേരത്തെ അമ്പത് ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നബാർഡിൽ നിന്നും ലഭിക്കേണ്ട 20.47 കോടി രൂപ ലഭ്യമാക്കുന്നതിനുള്ള ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും, സർക്കാർ ഏജൻസികളുടെയും ഫണ്ടുകളും അധികമായി അനുവദിച്ചിട്ടുണ്ട്.

കുഴൂർ, മാള പഞ്ചായത്തുകളുടെ സർവേ നടപടികൾ അവസാന ഘട്ടത്തിലാണ്. 2,390 ഹെക്ടറിലായി വരുന്ന പദ്ധതിക്കായി 28.33 കോടി രൂപയാണ് വിനിയോഗിക്കുക. പത്ര സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ്, മാള പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അശോക്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. തിലകൻ എന്നിവർ പങ്കെടുത്തു.