1

തൃശൂർ: തൃശൂർ കോർപറേഷന്റെ സ്വപ്നപദ്ധതിയായ ആകാശപാതയുടെ നിർമ്മാണം മാർച്ചിൽ പൂർത്തിയാക്കി ആഗസ്റ്റിനുള്ളിൽ ജനങ്ങൾക്ക് സമർപ്പിക്കാൻ നിർമ്മാണപ്രവർത്തനങ്ങൾക്ക് അതിവേഗം.

ആകാശപ്പാത ഉയർത്തുന്നതിന്റെ ആദ്യഘട്ടം തുടങ്ങുന്നതിന്റെ ഭാഗമായി ക്രെയിനിന്റെ സഹായത്തോടെ പില്ലർ ട്രെസ് പച്ചക്കറിച്ചന്തയിലെ തൂണുകളിൽ സ്ഥാപിച്ചിരുന്നു. രണ്ടുദിവസത്തിനുള്ളിൽ നാലു തൂണുകളിലും പില്ലർ ട്രെസുകൾ ഘടിപ്പിക്കും. ഇവയ്ക്കു മുകളിൽ ഇരുമ്പുപാലം ഉറപ്പിക്കും.

നാലു തൂണുകളിൽ പില്ലർ ട്രെസുകൾ ഉറപ്പിക്കുന്ന ജോലികൾ പൂർത്തിയാകുന്നതോടെ, അകത്ത് പാലത്തിന്റെ വൃത്താകൃതി കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്നറിയാനുള്ള പരിശോധനയും നടത്തും. ഈ മാസം അവസാനത്തോടെ നടപ്പാതയുടെ ആദ്യ പകുതി തൂണുകളിൽ കയറ്റാനാണ് ശ്രമം. ആകാശപ്പാത പൂർത്തിയായാൽ ശക്തൻനഗറിലെ മത്സ്യ, മാംസ, പച്ചക്കറിച്ചന്ത, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലേക്ക് കാൽനടയാത്രക്കാർക്ക് എളുപ്പത്തിലെത്താം. ആകാശപ്പാത സ്ഥാപിച്ചതിനൊപ്പം ഉടൻ ലിഫ്ടും ഒരുക്കും.

പാതയും കൈവരികളും അതിനുമുകളിലുള്ള മേൽക്കൂരയുമടക്കം മൊത്തം ഉയരം പത്തര മീറ്റർ വരും. തൂണുകൾക്കു മുകളിൽ പാത സ്ഥാപിച്ചശേഷം കൈവരികൾ ഉറപ്പിക്കുന്ന പണിയും മേൽക്കൂരയുടെ പണിയും നടക്കും.

പാതയിലേക്ക് കയറാനുള്ള പടികളും കോൺക്രീറ്റിംഗ് പണികളും പാതയിൽ വെളിച്ചം നൽകാനുള്ള വൈദ്യുതീകരണവും നടത്തും. പാതയിൽ ടൈൽ പാകി, മിനുക്കുപണികൾകൂടി പൂർത്തീകരിക്കും. രണ്ടാംഘട്ടത്തിലാകും ലിഫ്റ്റ് സ്ഥാപിക്കുക.

2019 അവസാനം തറക്കല്ലിട്ട്, പതിനൊന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. കൊവിഡ് വ്യാപനത്തോടെ നിർമ്മാണം താളം തെറ്റി.

ശക്തൻനഗറിൽ റൗണ്ടിനുചുറ്റും 270 മീറ്റർ ചുറ്റളവ്, മൂന്നുമീറ്റർ വീതി.
റോഡിൽനിന്ന് ആറുമീറ്റർ ഉയരം.
5.30 കോടി രൂപ നിർമ്മാണച്ചെലവ്.
തറക്കല്ലിട്ടത് 2019 നവംബറിൽ.

റോഡ് അപകടങ്ങൾ കുറയും

റോഡ് മുറിച്ചുകടക്കുന്നതിനിടെ ശക്തൻ നഗറിൽ അപകടമരണങ്ങൾ കൂടിയതോടെയാണ് പരിഹാരമായി ആകാശപ്പാത പണിയാൻ തീരുമാനിച്ചത്. പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്ന് നൂറുകണക്കിന് പേർ ദിവസവും വരുന്ന സ്ഥലമാണ് ശക്തൻനഗർ. പച്ചക്കറി, മത്സ്യമാംസ മാർക്കറ്റുകൾ ഉളളതിനാൽ വലിയ തിരക്കേറിയ ഇടമായി ശക്തൻനഗർ മാറി. പാതയുടെ നിർമ്മാണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ഗതാഗതനിയന്ത്രണങ്ങൾ വേണ്ടിവരും. കച്ചവടക്കാരുടെ സഹകരണം വേണമെന്ന് മേയർ അഭ്യർത്ഥിച്ചിട്ടുണ്ട്. നിർമാണപുരോഗതി പരിശോധിക്കാൻ മേയറും കൗൺസിലർമാരും ഉദ്യോഗസ്ഥരും കഴിഞ്ഞദിവസം എത്തിയിരുന്നു.

ആഗസ്ത് ആദ്യവാരത്തോടെ ജനങ്ങൾക്ക് സമർപ്പിക്കുവാൻ കഴിയാവുന്ന രീതിയിലാണ് നിർമ്മാണം പുരോഗമിച്ചു വരുന്നത്.
- എം.കെ. വർഗീസ്, മേയർ