തൃശൂർ: ജില്ല ബി കാറ്റഗറിയിൽ തുടരുന്ന സാഹചര്യത്തിൽ ഉത്സവ എഴുന്നെള്ളിപ്പിന് മൂന്ന് ആനകളെ വരെ അനുവദിക്കാൻ തീരുമാനം. കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ഉത്സവങ്ങൾക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിലാണിത്. മൂന്ന് ആനകളിൽ നിന്ന് ഒരാനയെ ആരാധനാലയ മതിൽക്കെട്ടിന് പുറത്ത് ആറാട്ട്, പള്ളിവേട്ട തുടങ്ങിയവയ്ക്ക് അനുവദിക്കും.
ജില്ല എ കാറ്റഗറിയിലേക്ക് മാറ്റുകയാണെങ്കിൽ അഞ്ച് ആനകളെ അനുവദിക്കും. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുന്നതിനനുസരിച്ച് ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേർന്ന് എഴുന്നള്ളിപ്പിനുള്ള ആനകളുടെ എണ്ണം സംബന്ധിച്ച് പുതിയ തീരുമാനമെടുക്കാമെന്ന് കളക്ടർ ഹരിത വി. കുമാർ അറിയിച്ചു. വരവ് പൂരങ്ങൾക്ക് അനുമതിയില്ല.
യോഗത്തിൽ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ബി. സജീഷ് കുമാർ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. ഉഷാറാണി, ജില്ലാ മെഡിക്കൽ ഓഫീസ് ടെക്‌നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് വിജയകുമാർ, കെ.എഫ്.സി.സി ജനറൽ സെക്രട്ടറി വത്സൻ ചമ്പക്കര, ആനത്തൊഴിലാളി സംസ്ഥാന സെക്രട്ടറി പി.എം. സുരേഷ്, ജോയിന്റ് സെക്രട്ടറി മഹേഷ് തുടങ്ങിയവർ ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.