പാവറട്ടി: പരപ്പുഴപ്പാലത്തിന്റെ നിർമ്മാണം ഈ മാർച്ച് മാസം 31 നുള്ളിൽ തന്നെ പൂർത്തിയാക്കുമെന്ന് കരാറുകാരൻ കാസർകോട് സ്വേേദശി അബ്ദുൾ ഹക്കീം കേരള കൗമുദിയോട് പറഞ്ഞു. പാലത്തിൽ മൂന്ന് സപ്പോർട്ടിംഗ് ബീമുകളിൽ കമ്പിയാക്കി നിറുത്തി പണി ഇഴഞ്ഞു നീങ്ങുന്നത് നാട്ടുകാരിൽ വലിയ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. 2020 ൽ മൂന്നുകോടി 87 ലക്ഷം രൂപയാണ് പാലത്തിനായി എസ്റ്റിമേറ്റ് ഇട്ടത്. മൂന്നുകോടി പതിനെട്ടു ലക്ഷത്തി ഒമ്പതിനായിരത്തി അറനൂറ്റി ഇരുപത്തിനാല് രൂപയ്ക്കാണ് പാലം നിർമ്മാണം കരാറുകാരൻ കോൺട്രാക്ട് എടുത്തിരിക്കുന്നത്. 12 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കണമെന്നാണ് കരാർ. കൊവിഡ് പ്രശ്‌നങ്ങളും മറ്റ് കാരണങ്ങളും പറഞ്ഞ് വിരലില്ലെണ്ണാവുന്ന പണിക്കാരെവച്ച് പാലം നിർമ്മാണം തുടർന്നപ്പോൾ അത് ഏറെ വിവാദമായിരുന്നു. അടുത്ത ആഴ്ച മുതൽ പാലം നിർമ്മാണം വേഗത്തിലാക്കി മാർച്ചിൽ തന്നെ പൂർത്തിയാക്കാനാണ് കരാറുകാരന്റെ പദ്ധതി.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് പരപ്പുഴ പഴയ പാലത്തിന്റെ ജീർണാവസ്ഥ പുറംലോകം അറിഞ്ഞത് കേരള കൗമുദി വാർത്തയിലൂടെയാണ്. വാർഷിക അറ്റകുറ്റപ്പണികൾ ചെയ്യാതെ പാലത്തിന്റെ കൽക്കെട്ടുകളിൽ 25 വർഷത്തോളം പ്രായമുള്ള വൻ ആൽമരം വളർന്ന് നിൽക്കുന്ന ചിത്രമടക്കമുള്ള വാർത്തയെത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് ഇരുഭാഗത്തും വളർന്ന് വലുതായ ആൽമരത്തിന്റെ കൊമ്പ് മുറിച്ചു കളഞ്ഞിരുന്നു. തായ് മരം മാറണമെങ്കിൽ കൽക്കെട്ട് പൊളിക്കേണ്ടി വരും. ഈ അസ്ഥയിലാണ് പാലം പുനർനിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പ് നിർബന്ധിതമായത്.
മണലൂർ എം.എൽ.എ മുരളി പെരുനെല്ലിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള തുക കൊണ്ടാണ് പാലം നിർമ്മിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് പാലം നിർമ്മാണത്തിന് തറക്കല്ലിടൽ നടത്തിയത് ജനങ്ങൾക്കിടയിൽ ഏറെ ചർച്ചാവിഷയം ആയിരുന്നു. പാലം നിർമ്മിക്കൽ, സമാന്തര റോഡ് പൊളിച്ചത്, നടപ്പാലം വരാൻ വൈകിയത് ഇങ്ങനെ ഒരുപാട് വിവാദങ്ങളും പ്രതിഷേധങ്ങളും ഏറ്റുവാങ്ങിയ ഒരുപാലം നിർമ്മാണം തൃശൂർ ജില്ലയിൽ വെറെ ഉണ്ടായിട്ടില്ല. പാലം നിർമ്മാണം ഇത്രയും ഇഴഞ്ഞു നീങ്ങിയിട്ടും തൊട്ടടുത്ത് താമസിക്കുന്ന എം.എൽ.എ നിർമ്മാണം വിലയിരുത്താനോ നിർദ്ദേശം നൽകാനോ വരാതിരിക്കുന്നത് പ്രതിപക്ഷ പ്രതിഷേധത്തിന് കൂടുതൽ ശക്തി കൂട്ടാനാണ് സാദ്ധ്യത. ജൂൺ മാസം കാലവർഷം ശക്തിയാകുന്നതിന് മുമ്പ് പാലം നിർമ്മാണം പൂർത്തിയായില്ലെങ്കിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ ഇപ്പോൾ പണിത സമാന്തര റോഡ് വീണ്ടും പൊളിക്കേണ്ടതായി വരും. മാർച്ചിൽ തന്നെ പാലം നിർമ്മാണം പൂർത്തിയാക്കുമെന്ന കരാറുകാരന്റെ വാക്ക് പാഴ്‌വാക്കാവാതെ ഇരുന്നാൽ മതി എന്നാണ് ഇപ്പോൾ നാട്ടുകാരുടെ പ്രതീക്ഷ.