
തൃശൂർ: വായിൽ തോന്നിയതു പറയാനും കേട്ടാൽ അറപ്പുളവാക്കുന്ന രീതിയിൽ വാക്കുകൾ പ്രയോഗിക്കാനും ഉള്ളതല്ല പൊലീസിന്റെ നാവ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാമവർമപുരം പൊലീസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ 164 സബ് ഇൻസ്പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡിൽ ഓൺലൈനിലൂടെ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു അദ്ദേഹം.
ജനത്തെ അടിച്ചമർത്താനുള്ള ഉപകരണമായിരുന്നു പണ്ടത്തെ പൊലീസ്. സമഭാവനയും സൗഹാർദ്ദരീതിയും അന്ന് ഉണ്ടായിരുന്നില്ല. കാലം മാറിയെങ്കിലും പഴയരീതിയുടെ ചില തികട്ടലുകൾ അപൂർവം ചിലരിൽ ഉണ്ടാകുന്നത് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നു. നാടിന്റെ സാംസ്കാരിക ഉന്നമനത്തിന് അനുസരിച്ചുള്ള പൊലീസ് സേനയാണ് ആവശ്യം. ഇക്കാര്യത്തിൽ ശാസ്ത്രീയ പരിശീലനത്തിന് അതിന്റേതായ പ്രാധാന്യമുണ്ട്. പൊലീസ് പരിശീലനം ശരിയായ നിലയിലല്ലെങ്കിൽ സമൂഹത്തിന് അത് വിനയായി മാറും.
പ്രൊഫഷണൽ സംവിധാനമായി പൊലീസ് മാറുകയാണ്. അടുത്തിടെ സേനയിലേക്കു വന്ന പലരും പ്രൊഫഷണലുകളാണ്. ആ മുഖമാണ് പൊലീസിന് ചാർത്തിക്കൊടുക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡി.ജി.പി അനിൽ കാന്ത്, പി. ബാലചന്ദ്രൻ എം.എൽ.എ, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, പൊലീസ് അക്കാഡമി ഡയറക്ടർ ബൽറാം കുമാർ ഉപാദ്ധ്യായ, ഡി.ഐ.ജി സേതുരാമൻ തുടങ്ങിയവർ പങ്കെടുത്തു.
 പരേഡ് ശൈലി മാറി; വിമശിച്ച് മുഖ്യമന്ത്രി
രാമവർമ്മപുരം പൊലീസ് അക്കാഡമിയിൽ എസ്.ഐമാരുടെ പാസിംഗ് ഔട്ട് പരേഡിന്റെ ശൈലിയിൽ മാറ്റം വരുത്തിയത് കണ്ടെത്തിയ മുഖ്യമന്ത്രി, പ്രസംഗത്തിൽ വിമർശനം അറിയിച്ചു. ദേശീയ പതാകയെ ആദരിക്കുന്ന ചടങ്ങ് നീണ്ടുപോയതാണ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടത്.
ദേശീയപതാക, പൊലീസ് സേനയുടെ പതാക, പൊലീസ് അക്കാഡമിയുടെ പതാക എന്നിവ പ്രധാന കവാടത്തിൽ കൂടി മൂന്ന് സേനാംഗങ്ങൾ കൊണ്ടുവന്ന ശേഷം ദേശീയ ഗാനം ബാൻഡിൽ മുഴക്കുന്നതായിരുന്നു രീതി. ഇത്തവണ അതിന്പകരം മൂന്നു പതാകകളുമായി കേഡറ്റുകൾക്കിടയിലൂടെ അടിവച്ചു നീങ്ങുകയും കേഡറ്റുകൾ അഭിവാദ്യം ചെയ്യുകയുമായിരുന്നു. ഇത് പതിവിലുമേറെ സമയമെടുത്തു.
സാധാരണയല്ലാത്ത രീതിയാണ് പരേഡിൽ കണ്ടതെന്നും അത് ശരിയല്ലെന്നും സല്യൂട്ട് സ്വീകരിച്ച ശേഷം മുഖ്യമന്ത്രി പറഞ്ഞു. പരേഡിന് നിയതമായ ചില കാര്യങ്ങളുണ്ട്. അതിൽ മാറ്റം വരുത്തുമ്പോൾ ഉത്തരവാദപ്പെട്ടവർ പരിശോധിക്കേണ്ടതായിരുന്നു. മുഖ്യമന്ത്രി ഓൺലൈനായാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. കേന്ദ്രസേനയിൽ നിന്ന് അടുത്തിടെയെത്തിയ ഒരു ഉദ്യോഗസ്ഥനായിരുന്നു പരേഡിന്റെ ചുമതല. എന്നാൽ പരേഡിൽ വന്ന മാറ്റത്തെ കുറിച്ച് പ്രതികരിക്കാൻ ഡി.ജി.പി അനിൽകാന്ത് തയ്യാറായില്ല.