തൃശൂർ: രാമവർമ്മപുരം പൊലീസ് അക്കാഡമിയിൽ എസ്.ഐമാരുടെ പാസിംഗ് ഔട്ട് പരേഡിന്റെ ശൈലിയിൽ മാറ്റം വരുത്തിയത് കണ്ടെത്തിയ മുഖ്യമന്ത്രി, പ്രസംഗത്തിൽ വിമർശനം അറിയിച്ചു. ദേശീയ പതാകയെ ആദരിക്കുന്ന ചടങ്ങ് നീണ്ടുപോയതാണ് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടത്.
ദേശീയപതാക, പൊലീസ് സേനയുടെ പതാക, പൊലീസ് അക്കാഡമിയുടെ പതാക എന്നിവ പ്രധാന കവാടത്തിൽ കൂടി മൂന്ന് സേനാംഗങ്ങൾ കൊണ്ടുവന്ന ശേഷം ദേശീയ ഗാനം ബാൻഡിൽ മുഴക്കുന്നതായിരുന്നു മുൻ പരേഡുകളിൽ ഉണ്ടായിരുന്നത്. ഇത്തവണ അതിന്പകരം മൂന്നു പതാകകളുമായി കേഡറ്റുകൾക്കിടയിലൂടെ അടിവച്ചു നീങ്ങുകയും കേഡറ്റുകൾ അഭിവാദ്യം ചെയ്യുകയുമായിരുന്നു. ഇത് പതിവിലുമേറെ സമയമെടുത്തു. മൊത്തം കേഡറ്റുകളെയും വലയം ചെയ്ത ശേഷമാണ് ദേശീയഗാനം മുഴങ്ങിയത്.
സാധാരണയല്ലാത്ത രീതിയാണ് പരേഡിൽ കണ്ടതെന്നും അത് ശരിയല്ലെന്നും സല്യൂട്ട് സ്വീകരിച്ച ശേഷം നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു. പരേഡിന് നിയതമായ ചില കാര്യങ്ങളുണ്ട്. അതിൽ മാറ്റം വരുത്തുമ്പോൾ ഉത്തരവാദപ്പെട്ടവർ പരിശോധിക്കേണ്ടതായിരുന്നു. പരേഡ് സംഘടിപ്പിക്കുന്നവർക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ട്. സാധാരണ കാണാത്ത കാര്യങ്ങൾ കണ്ടതുകൊണ്ടാണ് ഇങ്ങനൊക്കെ പറയേണ്ടി വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഓൺലൈനായാണ് പാസിംഗ് ഔട്ട് പരേഡിൽ പങ്കെടുത്തത്. കേന്ദ്രസേനയിൽ നിന്ന് അടുത്തിടെയെത്തിയ ഒരു ഉദ്യോഗസ്ഥനായിരുന്നു പരേഡിന്റെ ചുമതല. എന്നാൽ പരേഡിൽ വന്ന മാറ്റത്തെ കുറിച്ച് പ്രതികരിക്കാൻ ഡി.ജി.പി. അനിൽകാന്ത് തയ്യാറായില്ല.
കാണികളെ കൈയ്യിലെടുത്ത് ശ്വാനപട
തൃശൂർ: സബ് ഇൻസ്പെക്ടർമാരുടെ പാസിംഗ് ഔട്ട് പരേഡിനെ തുടർന്ന്, കേരള പൊലീസ് അക്കാഡമി പരേഡ് മൈതാനിയിൽ നടന്ന ശ്വാനന്മാരുടെ പരേഡ് കാണികളെ അതിശയിപ്പിച്ചു. കേരള പൊലീസ് അക്കാഡമി സ്റ്റേറ്റ് ഡോഗ് ട്രെയിനിംഗ് സ്കൂളിൽ 9 മാസക്കാലത്തെ തീവ്ര പരിശീലനത്തിന് ശേഷം, പുറത്തു വരുന്ന 22 ശ്വാന സേനാംഗങ്ങളുടെ പരേഡും പ്രകടനങ്ങളും കാണികൾക്ക് മറ്റൊരു വിരുന്നാവുകയായിരുന്നു.
22 ശ്വാനന്മാരും അവയുടെ 44 ഹാൻഡ്ലർമാരുമാണ് പരിശീലനം പൂർത്തിയാക്കി പൊലീസ് സേനയുടെ ഭാഗമായത്. മനോഹരമായ ഡോഗ് മാർച്ച് പാസ്റ്റും, സല്യൂട്ടുമുണ്ടായിരുന്നു. കേരള പൊലീസ് അക്കാഡമി സ്റ്റേറ്റ് ഡോഗ് ട്രെയിനിംഗ് സ്കൂളിലായിരുന്നു 9 മാസക്കാലം ശ്വാന സേനയുടെ പരിശീലനം നടന്നത്.
16 ബെൽജിയം മാലിനോയ്സ്, 3 ജർമ്മൻ ഷെപ്പേർഡ്, ഗോൾഡൻ റിട്രീവർ, ഡോബർമാൻ, ലാബ്രഡോർ എന്നീ വിഭാഗങ്ങളിൽപ്പെടുന്ന ഓരോ നായകളുമടങ്ങിയ ടീമാണ് പരിശീലനം പൂർത്തിയാക്കി കേരള പൊലീസ് സേനയുടെ ഭാഗമായത്. ഇവയിൽ 11 എണ്ണം ആണും 11 എണ്ണം പെൺ ശ്വാനന്മാരുമാണ്.