കൊടുങ്ങല്ലൂർ: നഗരസഭയിലെ മേത്തല കുടുംബാരോഗ്യ കേന്ദ്രത്തിന് സർക്കാരിന്റെ കായകൽപ്പ് അവാർഡ്. 85.8 ശതമാനം മാർക്ക് നേടിയാണ് മേത്തല കുടുംബാരോഗ്യ കേന്ദ്രം അവാർഡിന് അർഹത നേടിയത്. കഴിഞ്ഞ വർഷം 23 ശതമാനം മാർക്കാണ് കേന്ദ്രത്തിന് ലഭിച്ചത്. സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലെ ശുചിത്വം, പരിപാലനം, അണുബാധ നിയന്ത്രണം, മാലിന്യസംസ്‌കരണം, രോഗീ സൗഹൃദ സൗകര്യങ്ങൾ എന്നിവ വിലയിരുത്തി മെച്ചപ്പെട്ട നിലവാരവും ഗുണമേന്മയുള്ള ചികിത്സയും പ്രോത്സാഹിപ്പിക്കുന്നതിനാണ് കായകൽപ്പ് അവാർഡ് നൽകുന്നത്.

50,000 രൂപ അവാർഡ് തുകയായി ലഭിക്കും. രണ്ട് ഡോക്ടർമാർ, രണ്ട് നഴ്‌സുമാർ, ജൂനിയർ പബ്ലിക്ക് നഴുസുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാർ, പബ്ലിക്ക് റിലേഷൻ ഓഫീസർ എന്നിവർ ഉൾപ്പെടെ 28 ജീവനക്കാരാണ് ഇവിടെയുള്ളത്.

വിവിധ പരിശോധനകൾ നടത്തുന്നതിന് ആധുനിക സംവിധാനങ്ങളോടെയുള്ല ഒരു ലാബോറട്ടറിയും നഗരസഭ സജ്ജമാക്കിയിട്ടുണ്ട്. ദിനംപ്രതി നൂറുകണക്കിന് പേരാണ് ഔട്ട് പേഷ്യന്റ് വിഭാഗത്തിൽ ചികിത്സക്കായി ഇവിടെ എത്തിച്ചേരുന്നത്. ഡോക്ടർമാരെയും ജീവനക്കാരെയും നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ എന്നിവർ അഭിനന്ദിച്ചു.