1
സ്‌പെഷൽ റിക്രൂട്ട് മെന്റ് രണ്ടാം ബാച്ച് പൊലീസിന്റെ പാസിംഗ് ഔട്ട് പരേഡിന് ശേഷം ദമ്പതികളായ വയനാട് പുൽപള്ളി കളിപടി കോളനിയിലെ കെ.ബി ഷിജുവും സുധവിശ്വനാഥനും യൂണിഫോമിൽ സൗഹൃദം പങ്കിടുന്നു.

തൃശൂർ: പൊലീസ് അക്കാഡമി ഗ്രൗണ്ടിൽ നടന്ന സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വഴി തിരഞ്ഞെടുത്ത 123 പേരുടെ പാസിംഗ് ഔട്ട് പരേഡിൽ മുഖ്യമന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഓൺലൈനായി സംബന്ധിച്ചു. ആദിവാസി മേഖലയിൽനിന്ന് പ്രത്യേക നിയമനം വഴി തിരഞ്ഞെടുക്കപ്പെട്ടവരാണ് സംസ്ഥാന സർക്കാർ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വഴി പൊലീസ് സേനയുടെ ഭാഗമായത്.

മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലെ വനമേഖലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരാണിവർ. വയനാട് നിന്നും 84 പേരും പാലക്കാട്ടുനിന്ന് 25 പേരും മലപ്പുറത്തുനിന്ന് 14 പേരുമുണ്ട്. ഇതിൽ 36 പേർ വനിതകളാണ്. പരിശീലനം പൂർത്തിയാക്കിയ ഇവരിൽ 12 പേർ ബിരുദമുള്ളവരാണ്. ഒരാൾ ബിരുദാനന്തര ബിരുദത്തിനുശേഷം ബി.എഡ് നേടിയിട്ടുണ്ട്. ഒരാൾ ബി.ബി.എ പാസ്സായി.

രണ്ടുപേർ ഫിസിക്കൽ എഡ്യൂക്കേഷൻ പരിശീലനം പൂർത്തിയാക്കിയവരാണ്. ബാക്കിയുളളവർ എസ്.എസ്.എൽ.സി യോഗ്യതയുള്ളവരുമാണ്. പണിയ, അടിയ, കാട്ടുനായ്ക്ക, ഊരാളി, കുറിച്യ, കുറുമ വിഭാഗത്തിൽപ്പെട്ട ഗോത്ര വിഭാഗക്കാരാണ് മുഴുവനും. വനത്തിലെ മാവോയിസ്റ്റ് പരിശോധനയ്ക്ക് ഇനി ഇവരുടെ സേവനം ഉപയോഗപ്പെടുത്താനാകും.