വെള്ളാങ്ങല്ലൂർ: തൃപ്പൂണിത്തുറ ക്ഷേത്രത്തിലും കാറളം വെള്ളാനിയിലെ ഞാലിക്കുളം ക്ഷേത്രത്തിലും ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ട് നടത്തുന്നതും ആരാധനാലയങ്ങളിൽ തൊഴിലുകൾക്ക് 'സവർണ്ണജാതി' തിരിച്ച് സംവരണം നൽകുന്നതും സമൂഹത്തിന് ഭൂഷണമല്ലെന്ന് യുവകലാസാഹിതി ഇരിങ്ങാലക്കുട മേഖല കമ്മിറ്റി യോഗം വിലയിരുത്തി.
ആരാധനാലയങ്ങളിലെ ചില പ്രത്യേക തൊഴിൽ ചെയ്യാൻ, പ്രാപ്തരല്ലെങ്കിൽ പോലും , ജനിച്ച സമുദായത്തിന്റെ പേരിൽ ചിലർക്ക് ലഭിക്കുന്ന സംവരണവും പ്രാപ്തരായ പലർക്കും ആ തൊഴിൽ സാദ്ധ്യത നിഷേധിക്കുന്നതും കളങ്കമാണെന്നും യോഗം ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.
ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം സമൂഹത്തെ മതത്തിന്റെ പേരിൽ കൂടുതൽ വിഭജിക്കാനുള്ള ശ്രമമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് കെ.കെ കൃഷ്ണാനന്ദ ബാബു, സെക്രട്ടറി രാജേഷ് തമ്പാൻ, കെ.സി. ശിവരാമൻ, റഷീദ് കാറളം , വി.എസ് വസന്തൻ എന്നിവർ സംസാരിച്ചു.