കയ്പമംഗലം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ബ്ലാങ്ങാച്ചാൽ സമഗ്ര നീർത്തട പദ്ധതിയുടെ മാസ്റ്റർ പ്ലാനുകൾ കൈമാറി. മതിലകം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന നീർത്തട പദ്ധതിയുടെ മാസ്റ്റർ പ്ലാനുകളാണ് അതത് പഞ്ചായത്തുകൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ കൈമാറിയത്.

മണ്ണ് സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കർഷകർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ വാർഡ്തല സർവേകൾക്കും വിശകലനത്തിനും ശേഷമാണ് രൂപരേഖ തയ്യാറാക്കിയത്.

കയ്പമംഗലം മുതൽ എറിയാട് വരെ 1656.73 ഹെക്ടർ വിസ്തൃതിയിലുള്ള ബ്ലാങ്ങാച്ചാൽ നീർത്തട പദ്ധതിക്കായി 288.3 കോടി രൂപയാണ് വിനിയോഗിക്കുന്നത്. ഇതിൽ 126.66 കിലോമീറ്റർ തോടുകളുടെ പുനരുദ്ധാരണവും ഉൾപ്പെടുന്നു. കൃഷി, ദേശീയ തൊഴിലുറപ്പ് പദ്ധതി, തദ്ദേശ സ്വയംഭരണ വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, ഇറിഗേഷൻ, ഫിഷറിസ്, ക്ഷീര വികസനം, കുടുംബശ്രീ തുടങ്ങിയ വകുപ്പുകൾ വാർഡ് തലത്തിൽ നടപ്പിലാക്കേണ്ട പ്രവർത്തനങ്ങളും പ്രശ്‌ന പരിഹാരങ്ങളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ്. സലീഷ്, പഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.