 
ചാലക്കുടി: കണ്ണൻകുഴിയിൽ കാട്ടാന കൊലപ്പെടുത്തിയ ആഗ്നമിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി വനംവകുപ്പിൽ നിന്നും അഞ്ചുലക്ഷം രൂപ നൽകി. പിതാവിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം എത്തിയത്. ബാക്കി അഞ്ചുലക്ഷം രൂപ ഉടൻ നൽകുമെന്ന് ചാലക്കുടി ഡി.എഫ്.ഒ അറിയിച്ചു.
ഒന്നരവർഷം മുൻപ് പിള്ളപ്പാറയിൽ കശുവണ്ടി ശേഖരിക്കുന്നതിനിടെ ആന ആക്രമിച്ച് കൊലപ്പെടുത്തിയ ആദിവാസി രാജേഷിന്റെ ആശ്രിതർക്ക് അഞ്ചുലക്ഷം രൂപ നൽകി. ഫയർ ജോലിക്കിടെ വാഹനാപകടത്തിൽ മരിച്ച വാച്ചർ തോമസിന്റെ വീട്ടുകാർക്ക് രണ്ടുലക്ഷം രൂപ കൈമാറി.
അതിരപ്പിള്ളി മേഖലയിൽ ഇപ്പോഴും കാട്ടാനഭീതിയുണ്ട്. മൂന്നു ദിവസം മുൻപ് കണ്ണൻകുഴിയിൽ ബാലികയെ ആന കൊലപ്പെടുത്തിയത് മുതൽ തുടങ്ങിയ നാട്ടുകാർ ഭീതിയിലാണ്. ആനകൾ എപ്പോൾ വേണമെങ്കിലും പാഞ്ഞെത്താമെന്ന ആശങ്കയിലാണ് ജനങ്ങൾ.
കൊലയാളി ആനയെ വനപാലകർ ഉൾക്കാട്ടിലേക്ക് തുരത്തിയെന്ന് പറയുമ്പോഴും പ്രദേശവാസികൾക്ക് ഭീതി ഒഴിയുന്നില്ല. ഇതിനിടെ രാത്രി പട്രോളിംഗ് വനംവകുപ്പ് കർശനമാക്കിയിട്ടുണ്ട്. കൂടുതൽ ഉദ്യോഗസ്ഥരെ രാത്രിയിൽ നിയോഗിച്ചിട്ടുമുണ്ട്. ചാട്ടുക്കല്ലുത്തറ, കൊന്നക്കുഴി, തുമ്പൂർമുഴി, ചിക്ലായി, കണ്ണൻകുഴി എന്നിങ്ങനെ മേഖലകളിലാണ് രാത്രി പട്രോളിംഗ്.
ആനയെക്കണ്ട് സ്കൂട്ടറിൽ സഞ്ചരിച്ച കുടുംബം ഭയന്നോടി, നേരിയ പരിക്ക്
അതിരപ്പിള്ളി: പുളിയിലപ്പാറയിൽ സ്കൂട്ടറിൽ യാത്ര ചെയ്ത കുടുംബത്തിന് നേരെ കാട്ടാനയുടെ ആക്രമണം. സ്കൂട്ടറിൽ ഉണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് വീട്ടിൽ നിന്നും പുറപ്പെട്ട പട്ടത്ത് രമേഷും കുടുംബവും ഇടവഴിയിൽ ആനയെ കണ്ടത്. ഇവർക്ക് മുന്നോട്ടുപോകാൻ കഴിഞ്ഞില്ല. പിന്നീട് ഓടിപ്പോയി അടുത്തവീട്ടിൽ കയറി.
സ്കൂട്ടർ സ്ഥലത്തിട്ടാണ് ഇവർ പോയത്. ഓട്ടത്തിനിടെ താഴെ വീണ രമേഷിന് കാലിന് നേരിയ പരിക്കേറ്റു. കൂടെയുണ്ടായിരുന്ന ഭാര്യ ഷൈനി, അഞ്ച് വയസുകാരൻ മകൻ മൃദോഷ് എന്നിവർക്ക് ഒന്നും സംഭവിച്ചില്ല. പൊരിങ്ങൽക്കുത്ത് ഡാമിന്റെ പ്രവേശന സ്ഥലമായ പുളിയിലപ്പാറയിൽ കാലങ്ങളായി ആനശല്യമുള്ള സ്ഥലമാണ്. വേനൽ കനത്തതോടെ ആനകൾ സ്ഥിരമായി ജനവാസ കേന്ദ്രങ്ങളിൽ എത്തുന്നുണ്ട്.
കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചയാളുടെ മകൾ പൊലീസിൽ
തൃശൂർ: പാലപ്പിള്ളിയിൽ കാട്ടാനയുടെ കുത്തേറ്റുമരിച്ച ആദിവാസിയുടെ മകൾ സൗമ്യ ഇനി കേരള പൊലീസിൽ സബ് ഇൻസ്പെക്ടർ. പാലപ്പിള്ളി എലിക്കോട് കോളനിയിലെ ഉണ്ണിച്ചെക്കന്റെ മകളാണ് സൗമ്യ. മകളെ പഠിപ്പിച്ച് ഉയർന്ന നിലയിലാക്കാൻ അച്ഛൻ ഒരുപാട് യാതനകൾ സഹിച്ചിരുന്നു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ സൗമ്യക്ക് പി.എസ്.സി വഴിയാണ് പൊലീസിൽ നിയമനം ലഭിച്ചത്. 2021 ജനുവരി 28നാണ് ഉണ്ണിച്ചെക്കൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തന്റെ നേട്ടം അച്ഛന് സമർപ്പിക്കുകയാണെന്ന് പരേഡിനുശേഷം സൗമ്യ പറഞ്ഞു. അമ്മ മണിയും ഭർത്താവ് അരിമ്പൂർ തറയിൽ സുബിനും പരേഡിന് എത്തിയിരുന്നു.