ചാലക്കുടി: താലൂക്ക് ആശുപത്രിയെ അപകീർത്തിപ്പെടുത്തുംവിധം വാർഡ് കൗൺസിലർ വി.ജെ. ജോജി വാർത്താ സമ്മേളനം നടത്തിയത് ഖേദകരമാണെന്ന് നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ. ചെയർമാന്റെ ചേംബറിൽ നടന്നത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം വാർഡ് കൗൺസിലറുടെ നിലപാടിനെ വിമർശിച്ചത്. മാമോഗ്രാം മെഷിൻ വെറുതെ കിടക്കുന്നത് നഗരസഭ അധികൃതരുടെ അനാസ്ഥകൊണ്ടല്ല. പരിശോധന നടത്തുന്ന റേഡിയോളിജിസ്റ്റിനെ കിട്ടാനില്ല. പ്രളയത്തിൽ നാശമുണ്ടായ മെഷിൻ കേടുപാടുകൾ തീർക്കുന്നതിന് ഏറെനാൾ വേണ്ടിവന്നു. പിന്നീട് കൊവിഡ് ആശുപത്രിയാക്കിയപ്പോൾ മറ്റൊരു ചികിത്സയും നടത്താനായില്ല. ചെയർമാൻ വിശദീകരിച്ചു. വ്യക്തിപരമായ നേട്ടങ്ങൾക്ക് വേണ്ടിയും അതു മറച്ചു വയ്ക്കുന്നതിനും വേണ്ടിയാണ് വാർഡ് കൗൺസിലർ അനാവശ്യ പ്രചരണം അഴിച്ചു വിടുന്നതെന്നും വി.ഒ.പൈലപ്പൻ കുറ്റപ്പെടുത്തി. ആശുപത്രിയിലെ ദന്തൽ സർജ്ജനെ സ്ഥലം മാറ്റുന്നതിൽ നിന്നും ഒഴിവാക്കുന്നതിന് വേണ്ടി ഭർത്താവായ വാർഡ് കൗൺസിലർ പുകമറ സൃഷ്ടിക്കുന്ന സംഭവ വികാസങ്ങൾ ഉണ്ടാക്കുകയാണെന്ന് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.വി. പോളും കുറ്റപ്പെടുത്തി. ഇത് ആശുപത്രി വികസനത്തെ തടയുന്ന പ്രവൃത്തി കൂടിയാണ് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ഥിരംസമിതി അദ്ധ്യക്ഷൻ അഡ്വ. ബിജു ചിറയത്ത്, ഷിബു വാലപ്പൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.