ചാലക്കുടി: നഗരസഭ പ്രസിദ്ധീകരിച്ച കരട് മാസ്റ്റർ പ്ലാൻ സംബന്ധിച്ച് ലഭിച്ച പരാതികൾ തീർപ്പാക്കുന്നതിന് ഫെബ്രുവരി 21 മുതൽ പരാതിക്കാരുമായി കൂടിക്കാഴ്ച നടത്താൻ സ്‌പെഷ്യൽ കമ്മിറ്റിയുടെ ആദ്യയോഗം തീരുമാനിച്ചു. 2020 ൽ പ്രസിദ്ധീകരിച്ച കരട് മാസ്റ്റർ പ്ലാൻ സംബന്ധിച്ച് വലിയ രീതിയിലുള്ള പരാതികൾ ഉയർന്നിരുന്നു. റോഡുകളുടെ വീതി ഇരട്ടിയിലധികമായി വർദ്ധിപ്പിച്ചതും നിരവധി ജനവാസ മേഖലകളും കൃഷിയിടങ്ങളും വിവിധ പദ്ധതികൾക്കായി ഏറ്റെടുക്കാൻ നിർദ്ദേശിച്ചതുമാണ് പ്രധാനമായും പരാതികൾക്ക് ഇടയാക്കിയത്. കഴിഞ്ഞ കൗൺസിലിന്റെ അവസാന കാലയളവിൽ പ്രസിദ്ധീകരിച്ച കരട് മാസ്റ്റർ പ്ലാനിനെക്കുറിച്ച് പരാതികൾ സ്വീകരിക്കാൻ 60 ദിവസങ്ങൾ അനുവദിച്ചിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് സമയമായതിനാൽ കാര്യമായ നടപടികൾക്കായില്ല. പുതിയ കൗൺസിൽ നിലവിൽ വന്നതിന് ശേഷം ആദ്യ കൗൺസിൽ യോഗത്തിൽ തന്നെ പരാതികൾ സ്വീകരിക്കാൻ സമയം അനുവദിക്കമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. നവംബർ 6 മുതൽ ജനുവരി 6 വരെ 60 ദിവസം സർക്കാർ അനുവദിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി 1539 പരാതികൾ ലഭിച്ചു. കൂടാതെ വിവിധ റെസിഡൻസ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ, സ്ഥാപനങ്ങൾ എന്നിവരുടേയും പരാതികൾ ലഭിച്ചു. തുടർന്ന് ചേർന്ന കൗൺസിൽ യോഗമാണ് കൗൺസിൽ സ്‌പെഷ്യൽ കമ്മിറ്റിയെ തീരുമാനിച്ചത്.
ചെയർമാൻ വി.ഒ. പൈലപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ഡെപ്യൂട്ടി ടൗൺ പ്ലാനർ കെ.ബി. മനോജ് കുമാർ, കമ്മിറ്റി അംഗങ്ങളായ സിന്ധു ലോജു, ബിജു. എസ്.ചിറയത്ത്, നിത പോൾ, കെ.വി. പോൾ, സി. ശ്രീദേവി, എം.എം. അനിൽകുമാർ, ഷിബു വാലപ്പൻ, എബി ജോർജ്, സി.എസ്.സുരേഷ്, വിദഗ്ദാംഗമായ ഡോ.സണ്ണി ജോർജ്ജ്, എൻജിനീയർ എം.എസ്. സുഭാഷ് എന്നിവർ പങ്കെടുത്തു.

കൂടിക്കാഴ്ച നടക്കുന്നത്

1 മുതൽ 6 വരെ വാർഡുകൾ ഫെബ്രുവരി 21
7-13 വാർഡുകൾ ഫെബ്രു 22
14-25 വാർഡുകൾ ഫെബ്രുവരി 23
26-30 വാർഡുകൾ ഫെബ്രുവരി 24
31-36 വാർഡുകൾ ഫെബ്രുവരി 25