bank

തൃശൂർ: കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട സസ്‌പെൻഷൻ ആറു മാസം പിന്നിട്ടിട്ടും തുടർ നടപടികളില്ല. ജീവനക്കാരെ തിരിച്ചെടുക്കമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ സമരം തുടങ്ങി. കോ ഓപ്പറേറ്റീവ് ഇൻസ്‌പേക്ടേഴ്‌സ് ആൻഡ് ആഡിറ്റേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നലെ സംസ്ഥാന വ്യാപകമായി വഞ്ചനാദിനം ആചരിച്ചു. തൃശൂർ സിവിൽ സ്റ്റേഷന് മുന്നിൽ ഉപവാസം സംസ്ഥാന പ്രസിഡന്റ് പി.കെ ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എം.രാജേഷ് കുമാർ മുഖ്യാതിഥിയായി. സംസ്ഥാന ട്രഷറർ സി.പി പ്രിയേഷ്, വൈസ് പ്രസിഡന്റ് ജിറ്റ്‌സി ജോൺ, കേരള എൻ.ജി.ഒ അസോസിയേഷൻ ഇരിങ്ങാലക്കുട ബ്രാഞ്ച് പ്രസിഡന്റ് സിജോയ്, കെ.പി.എസ്.ടി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജയപ്രകാശ്, കെ.സി.ഇ.എഫ് സംസ്ഥാന സെക്രട്ടറി ഇ.ഡി സാബു എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ. രാജേഷ് സ്വാഗതവും സംസ്ഥാന സെക്രട്ടറി പി.എസ് സജികുമാർ നന്ദിയും പറഞ്ഞു.

പുന:സംഘടന അകലെ

സഹകരണ മേഖല വളർന്നെങ്കിലും ആനുപാതികമായി ജീവനക്കാരെ വർദ്ധിപ്പിച്ചിട്ടില്ല. വിവിധ ജില്ലകളിൽ ആഡിറ്റർ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു. നാല് പതിറ്റാണ്ട് മുമ്പുള്ള സ്റ്റാഫ് പാറ്റേൺ മൂലം ജോലിഭാരമുണ്ടെന്നും കൃത്യമായി കണക്ക് പരിശോധിക്കാൻ കഴിയുന്നില്ലെന്നും ആഡിറ്റർമാർ പറയുന്നു. തിരക്കിട്ട പരിശോധനയിൽ കള്ളത്തരങ്ങൾ കണ്ടെത്താനാവില്ല. കണ്ടെത്തി റിപ്പോർട്ട് ചെയ്താലും പലപ്പോഴും തുടർനടപടികൾ ഉണ്ടാകാറില്ലെന്നും ജീവനക്കാർ ആരോപിക്കുന്നു. കരുവന്നൂർ തട്ടിപ്പിൽ 16 പേരാണ് സസ്‌പെൻഡ് ചെയ്യപ്പെട്ടത്.