
തൃശൂർ : ജനുവരിയിലും ഫെബ്രുവരിയിലുമായി ഇതുവരെ പനി ബാധിച്ചത് ഇരുപതിനായിരത്തോളം പേർക്ക്. എന്നാൽ പനി ബാധിതർ ആരും കൊവിഡ് ടെസ്റ്റ് നടത്തുന്നില്ല. ജലദോഷം, തൊണ്ടവേദന, ശരീരവേദന അടക്കമുള്ള പനിയാണ് പകരുന്നത്. ഒന്നരമാസത്തിനിടെ 19,500 പേരാണ് പനി പിടിച്ച് ചികിത്സ നേടിയത്. കഴിഞ്ഞവർഷം ഈ സമയത്ത് 6724 പേർക്ക് മാത്രമേ പനിയുണ്ടായിരുന്നുള്ളൂ. ശൈത്യമാണ് പനിക്ക് കാരണമെന്ന വിലയിരുത്തലുമുണ്ട്. ഇതിൽ കൊവിഡ് വകഭേദമായ ഒമിക്രോണും ഉണ്ടെന്ന നിഗമനമാണ് ആരോഗ്യ വകുപ്പിനുള്ളത്. കൊവിഡ് പരിശോധന നടത്തുന്നവരിൽ 90 ശതമാനത്തിൽ അധികം പേരും കൊവിഡ് പൊസിറ്റീവാകുന്നതായും അധികൃതർ പറയുന്നു. പനി പിടിച്ചവർ പോലും പുറത്തിറങ്ങി മരുന്ന് വാങ്ങാത്ത സാഹചര്യം കഴിഞ്ഞ വർഷമുണ്ടായിരുന്നു. അതേസമയം വാക്‌സിനെടുത്തതോടെ ജനം പുറത്തിറങ്ങി ചികിത്സ തേടാൻ തുടങ്ങിയതാണ് ഈ വർഷം കൂടിയ നിരക്ക് വരാൻ കാരണം.
ഡെങ്കിയിൽ കുറവ്
പനി ബാധിതരുടെ എണ്ണത്തിന് ഒപ്പം മറ്റ് സാംക്രമികരോഗങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞവർഷം 1511 പേരാണ് വയറിളക്കത്തിന് ചികിത്സ തേടിയെങ്കിൽ ഇക്കുറി 1788 പേരാണ് ചികിത്സ തേടിയത്. കഴിഞ്ഞ വർഷവും ഈ വർഷവും ഈ കാലയളവിൽ രണ്ടുവീതമാണ് എലിപ്പനി റിപ്പോർട്ട് ചെയ്തത്. ഡെങ്കിപ്പനി കഴിഞ്ഞവർഷം 13 ആയിരുന്നുവെങ്കിൽ ഇക്കുറി ഒരെണ്ണം കുറഞ്ഞ് 12 പേർക്കാണ് ബാധിച്ചിട്ടുള്ളത്.
കാലാഹസാർ ഒരാൾക്ക് കൂടി
കാലാഹസാർ ഒരാൾക്ക് കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസം തെക്കുംകരയിലാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ചേലക്കരയിൽ കഴിഞ്ഞ മാസം ജനുവരിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതോടെ ഇതിന്റെ ഭീഷണി ഇല്ലാതായി.
ശസ്ത്രക്രിയകൾ കൂട്ടും
കൊവിഡ് വ്യാപനത്തെ തുടർന്ന് കുറച്ച ശസ്ത്രക്രിയകളുടെ എണ്ണം വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. ആറ് ദിവസത്തിനുള്ളിൽ ഇ.എൻ.ടി, ഓർത്തോ, ന്യൂറോ, യൂറോളജി തുടങ്ങി വിവിധ വിഭാഗങ്ങളിലായി നാൽപ്പതോളം ശസ്ത്രക്രിയകൾ നടത്താനുള്ള ക്രമീകരണം ഏർപ്പെടുത്തി. ലക്ഷണമില്ലാത്ത സാധാരണ രോഗികളെ അഡ്മിറ്റ് ചെയ്യമ്പോൾ ആർ.ടി.പി.സി.ആർ, ആന്റിജൻ പരിശോധനകൾ വേണ്ടെന്ന് വച്ചു. വാർഡുകളിൽ ശുചിത്വം ഇല്ലെന്ന വ്യാപകമായ പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാനും കഴിഞ്ഞ ദിവസം ചേർന്ന യോഗം തീരുമാനിച്ചു. സർജിക്കൽ വിഭാഗങ്ങൾക്ക് വാർഡ് 11 ൽ കൂടുതൽ കിടക്കകൾ അനുവദിക്കും.
ഒ.പി സമയം വർദ്ധിപ്പിച്ചു
കൊവിഡ് രോഗികളുടെ എണ്ണം കൂടിവന്നതോടെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്ന ഒ.പി സമയം വീണ്ടും കൂട്ടി. ഉച്ചയ്ക്ക് 12 മണി വരെ ഇനി മുതൽ ഒ.പി പ്രവർത്തിക്കും.