k

തൃശൂർ : പട്ടിക വർഗ വിദ്യാർത്ഥികൾക്കായി തൃശൂരിൽ എൻട്രൻസ് കോച്ചിംഗ് സെന്ററിന് അനുമതി നൽകുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. പട്ടികജാതി പട്ടികവർഗ വകുപ്പിന്റെ വിവിധ പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രൈബൽ സ്‌കൂളുകളിൽ നിന്നുള്ള കുട്ടികളുടെ കൊഴിഞ്ഞുപോക്ക് ഗൗരവത്തോടെ കാണണമെന്നും അവർക്ക് താൽപര്യമുള്ള രീതിയിൽ പഠനാന്തരീക്ഷം മാറ്റി കുട്ടികളെ സ്‌കൂളിലേക്ക് ആകർഷിക്കാൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പട്ടികവർഗ വിദ്യാർത്ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്താൻ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി. അവർക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കി നൽകാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നത്. ജില്ലയ്ക്ക് വേണ്ടത് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളാണെന്നും പ്രീ മെട്രിക് ഹോസ്റ്റലുകളിൽ കുട്ടികൾ കുറഞ്ഞു വരുന്ന സാഹചര്യത്തിൽ പുതിയവ അനുവദിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. പട്ടിക ജാതി പട്ടികവർഗ വിഭാഗങ്ങൾക്കായി കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ നടപ്പിലാക്കിയിട്ടും അവരുടെ ജീവിത നിലവാരത്തിൽ കാതലായ മാറ്റങ്ങളുണ്ടാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. പദ്ധതികൾ നടപ്പിലാക്കുന്നതോടൊപ്പം അവ ഈ ജനവിഭാഗങ്ങളിൽ ഗുണപരമായ മാറ്റങ്ങളുണ്ടാക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ഉദ്യോഗസ്ഥർക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. കളക്ടർ ഹരിത വി.കുമാർ, പട്ടികജാതി വികസന ഓഫീസർ ലിസ ജെ. മങ്ങാട്ട്, ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ സന്തോഷ്, വകുപ്പ് ഉദ്യോഗസ്ഥർ, കരാർ ഏജൻസി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.