
തൃശൂർ: തൃശൂർ ടൗൺഹാളിൽ നടന്ന വനിതാ കമ്മിഷൻ അദാലത്തിൽ ലഭിച്ച 75 പരാതികളിൽ 15 എണ്ണം തീർപ്പാക്കി. മൂന്ന് കേസുകൾ വിശദ റിപ്പോർട്ട് ആവശ്യപ്പെട്ട് പൊലീസിന് കൈമാറി. കുടുംബ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളാണ് അദാലത്തിന് മുന്നിലെത്തിയത്. വനിതാ കമ്മിഷൻ മെമ്പർമാരായ ഇ.എം രാധ, അഡ്വ. ഷിജി ശിവജി, സിറ്റിംഗ് അഡ്വക്കേറ്റുമാർ തുടങ്ങിയവർ പങ്കെടുത്തു.
ടി.നസറുദ്ദീന്റെ നിര്യാണത്തിൽ
കടകളടച്ചിട്ട് അനുശോചിച്ചു
തൃശൂർ : വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്റെ നിര്യാണത്തിൽ അനുശോചിച്ച് ജില്ലയിൽ വ്യാപാരികൾ ഹർത്താലാചരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ അംഗങ്ങളായവരുടെ കടകമ്പോളങ്ങൾ അടച്ചിട്ട് സംസ്ഥാന പ്രസിഡന്റിന് ആദരമർപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ.വി.അബ്ദുൾ ഹമീദ്, ജനറൽ സെക്രട്ടറി കെ.വി.വിനോദൻ എന്നിവർ അനുശോചിച്ചു.
ടി.നസറുദ്ദീന്റെ നിര്യാണത്തിൽ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി അനുശോചിച്ചു. വ്യാപാര മേഖലയിലെ അവകാശപ്പോരാട്ടങ്ങൾക്ക് മുന്നിട്ടിറങ്ങിയ ശക്തനായ നേതാവായിരുന്നു നസറുദ്ദീന്നെന്ന് യോഗം വിലയിരുത്തി. പ്രസിഡന്റ് അമ്പാടി ഉണ്ണിക്കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന നേതാക്കളായ സി.ബിജുലാൽ, ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, ജി.കെ.പ്രകാശ്, വിനേഷ് വെണ്ടൂർ, സുന്ദരൻ നായർ, വി.ജി.ശേഷാദ്രി, വി.ആർ.സുകുമാർ, പി.എ.ജയൻ എന്നിവർ പ്രസംഗിച്ചു.
1,357 പേർക്ക് കൂടി കൊവിഡ്
തൃശൂർ: 1,357 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൂടാതെ കൊവിഡ് ബാധിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 563 പേരും വീട്ടു നിരീക്ഷണത്തിലുള്ള 16,489 പേരും ചേർന്ന് 18,409 പേരാണ് ജില്ലയിൽ ആകെ രോഗബാധിതരായിട്ടുള്ളത്. 3,132 പേർ രോഗമുക്തരായി. ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,57,453 ആണ്. 6,34,755 പേരാണ് ആകെ രോഗമുക്തരായത്.