oi-il-tankar

പുതുക്കാട് : പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്നതിന് കൊച്ചിൻ റിഫൈനറിയിലേക്ക് പോയിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ എൻജിൻ ഉൾപ്പെടെ ആറ് ബോഗികൾ പുതുക്കാട് റെയിൽവേ സ്റ്റേഷനടുത്ത് പാളം തെറ്റി. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കണ്ണൂരിൽ നിന്നും എറണാകുളത്തേക്ക് പോയ ട്രെയിനാണ് അപകടത്തിൽപെട്ടത്. സ്റ്റേഷൻ കഴിഞ്ഞുള്ള കൊടുംവളവിലായിരുന്നു അപകടം.എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകളുടെ യാത്ര തടസപെട്ടു.

ഗുഡ്‌സ് ട്രെയിനിൽ 66 ഓയിൽ ടാങ്കറുകളാണ് ഉണ്ടായിരുന്നത്. എൻജിന് തൊട്ട് പിറകിലെ അഞ്ച് ടാങ്കറുകളാണ് ട്രാക്കിൽ നിന്നും തെന്നിമാറിയത്. ട്രാക്കിലെ കോൺക്രീറ്റ് സ്ലിപ്പറുകൾ മാറുന്ന പ്രവൃത്തികൾ നടന്നിരുന്നതിനാൽ വേഗത കുറച്ചാണ് ട്രെയിൻ കടന്നുപോയിരുന്നത്. റെയിൽവേ ഡിവിഷണൽ മാനേജരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഗതാഗതം പുന:സ്ഥാപിക്കാനുള്ള ശ്രമം ആരംഭിച്ചു. എട്ട് വർഷം മുമ്പും ഇതേ സ്ഥലത്ത് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റിയിരുന്നു.