brahma

തൃശൂർ: ജാതി വിവേചനത്തിന് കുപ്രസിദ്ധമായ കാൽകഴുകിച്ചൂട്ട്, പന്ത്രണ്ട് നമസ്കാരം എന്നീ പ്രാകൃത വഴിപാടുകളിൽ കൊച്ചിൻ ദേവസ്വം ബോർഡ് ഭേദഗതി വരുത്തും. ബോർഡ് പ്രസിഡന്റ് വി.നന്ദകുമാറിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ തൃശൂരിൽ അഖില കേരള തന്ത്രി സമാജം ഭാരവാഹികളുമായി നടത്തിയ യോഗത്തിലാണ് തീരുമാനം.

തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ 12 നമസ്കാരമെന്ന പേരിൽ നടത്തുന്ന പ്രാകൃത വഴിപാടിനെക്കുറിച്ചുള്ള കേരളകൗമുദി വാർത്തയെ തുടർന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷന്റെ നിർദ്ദേശ പ്രകാരമായിരുന്നു യോഗം. പാപപരിഹാരാർത്ഥം ജാതി ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ട് ചടങ്ങും തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ 12 നമസ്കാരവും നിലവിലുള്ള രീതിയിൽ തുടരില്ല. ജാതിഭേദമന്യേ എല്ലാവരെയും പങ്കെടുപ്പിച്ച് നടത്തുന്ന ചടങ്ങ് `സമാരാധന' എന്നാക്കി മാറ്റും. ദേവസ്വം ബോർഡിന്റേതുൾപ്പെടെ എല്ലാ ക്ഷേത്രങ്ങളിലെയും ശാന്തിക്കാർക്ക് ചടങ്ങിൽ പങ്കെടുക്കാം. ഭക്തർക്ക് പ്രവേശനമുണ്ടാവില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ പറഞ്ഞു.

യോഗത്തിൽ ദേവസ്വം മെമ്പർ എം.ജി.നാരായണൻ, തന്ത്രി സമാജം പ്രസിഡന്റ് വേഴേപ്പറമ്പ് ഈശാനൻ നമ്പൂതിരിപ്പാട്, സെക്രട്ടറി പുടയൂർ ജയനാരായണൻ നമ്പൂതിരിപ്പാട് തുടങ്ങിയവർ പങ്കെടുത്തു.

ഫെബ്രുവരി ആദ്യം കൊടുങ്ങല്ലൂർ എടവിലങ്ങ് ശിവകൃഷ്ണപുരം ക്ഷേത്രത്തിൽ പുനരുദ്ധാരണത്തിന്റെ ഭാഗമായി നിശ്ചയിച്ച കാൽകഴുകിച്ചൂട്ട് വിവാദമായതിനെ തുടർന്ന് ഉപേക്ഷിച്ചിരുന്നു. ഇരിങ്ങാലക്കുട കാറളം വെള്ളാനി ഞാലിക്കുളം മഹാദേവ ക്ഷേത്രത്തിലും ഇന്നലെ നടത്താനിരുന്ന കാൽക്കഴുകിച്ചൂട്ട് ക്ഷേത്ര ഉപദേശകസമിതി വേണ്ടെന്ന് വച്ചിരുന്നു.

കാൽ കഴുകിച്ചൂട്ട് , 12 നമസ്കാരം

പാപമോക്ഷത്തിനായി ചില ജ്യോത്സ്യന്മാരാണ് ഈ പ്രാകൃതമായ പ്രായശ്ചിത്തം നിർദ്ദേശിക്കുന്നത്. ജാതിബ്രാഹ്മണരെ വിളിച്ച് തന്ത്രിയോ പൂജാരിയോ കാൽകഴുകിച്ച് ഭക്ഷണവും ദക്ഷിണയും വസ്ത്രവും നൽകുന്നതാണ് ചടങ്ങ്. തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ 20,000 രൂപയുടെ വഴിപാടാണ് 12 നമസ്കാരം. 12 ബ്രാഹ്മണരെ അബ്രാഹ്മണർക്ക് പ്രവേശനമില്ലാത്ത തിടപ്പള്ളിയിൽ വിളിച്ചിരുത്തി തന്ത്രിയാണ് ഇത് നിർവഹിക്കുക.

ക്ഷേത്രച്ചടങ്ങുകൾ പരിഷ്കരിക്കും

കാലത്തിന് നിരക്കാത്ത ചില ക്ഷേത്രച്ചടങ്ങുകൾ പരിഷ്കരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ അഞ്ച് ദേവസ്വം ബോർഡ് പ്രസിഡന്റുമാരുടെയും യോഗം സർക്കാർ വിളിക്കും.തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ തന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് 12 നമസ്കാരമെന്നാണ് ഹൈക്കോടതിയിലെ കേസിൽ ബോർഡിന്റെ വിശദീകരണം. ഇത് മാറ്റാൻ ബോർഡ് യോഗം ചേർന്ന് നടപടിക്രമം പൂർത്തിയാക്കേണ്ടതുണ്ട്. 25ന് വീണ്ടും ഹൈക്കോടതി കേസ് പരിഗണിക്കും..

ചില വഴിപാടുകളും പൂജാ വിധികളും കാലാനുസൃതമായി പരിഷ്കരിക്കേണ്ടതുണ്ട്. ഇക്കാര്യം ചർച്ച ചെയ്യാൻ എല്ലാ ദേവസ്വം ബോർഡുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

കെ. രാധാകൃഷ്ണൻ

ദേവസ്വം മന്ത്രി