വെള്ളമില്ല, കൊടുങ്ങല്ലൂർ സിവിൽ സ്റ്റേഷനിലെ ജീവനക്കാർ
കൊടുങ്ങല്ലൂർ: പോരായ്മകൾക്ക് നടുവിൽ ദുരിതംപേറി സിവിൽ സ്റ്റേഷനിലെ ജീവനക്കാർ. സിവിൽ സ്റ്റേഷനിലെ പ്ലംബിംഗ് സംവിധാനം തകരാറിലായതോടെ വെള്ളത്തിനായി ജീവനക്കാർ നെട്ടോട്ടമോടുകയാണ്.
കൂടാതെ മൂന്നുനിലകളിലായി പ്രവർത്തിക്കുന്ന കെട്ടിടത്തിൽ ലിഫ്റ്റ് പ്രവർത്തിക്കാതെയായിട്ട് മാസങ്ങളായി. താലൂക്ക് ഓഫീസിലെ ഫയർ കോപ്പി വിഭാഗത്തിലെ എ.സി പ്രവർത്തനക്ഷമമല്ലാതായിട്ട് വർഷങ്ങളായി. 28 സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്ന സിവിൽ സ്റ്റേഷനിൽ ഇരുനൂറിലേറെ ജീവനക്കാരാണ് ജോലി ചെയ്യുന്നത്.
ഇതിൽ 150ലധികം പേരും സ്ത്രീകളാണ്. ടോയ്‌ലെറ്റുകളിൽ മിക്കപ്പോഴും വെള്ളമില്ലാത്ത അവസ്ഥയാണ്. വനിതാ ജീവനക്കാരാണ് ഇതുമൂലം ദുരിതത്തിലാകുന്നത്. ഭക്ഷണം കഴിച്ചാൽ കൈ കഴുകാൻ പോലും ഓരോരുത്തരും കൊണ്ടുവരുന്ന കുടിവെള്ളത്തെയാണ് ആശ്രയിക്കുന്നത്. മോട്ടോർ ഇടയ്ക്കിടെ കേടാകുന്നതും ടാങ്കുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന ഓട്ടമാറ്റിക് സംവിധാനം തകരാറിലാകുന്നതുമാണ് പ്രശ്നത്തിന് കാരണമായി പറയുന്നത്.
പൊതുമരാമത്ത് ജീവനക്കാർ അറ്റകുറ്റപ്പണി നടത്താറുണ്ടെങ്കിലും പിന്നെയും പഴയപടിയാകുമെന്ന് ജീവനക്കാർ പറയുന്നു.
സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലായി ദിവസം ആയിരത്തിലധികം ആളുകളാണ് എത്തിച്ചേരുന്നത്. ഇവരും ഈ ദുരിതത്തിന് സാക്ഷികളാകുകയാണ്. കഴിഞ്ഞ നവംബർ 22ന് ചെറുകിട ജലസേചന വകുപ്പിലെ കാഷ്വൽ സ്വീപ്പർ ലിഫ്റ്റിൽ കുടുങ്ങിയതോടെ അതിന്റെയും പ്രവർത്തനം അവതാളത്തിലായി.
ലക്ഷങ്ങൾ ചെലവാക്കി വാങ്ങിയ ജനറേറ്റർ നോക്കുകുത്തിയായിട്ട് വർഷങ്ങളായി. ഇതുമൂലം കമ്പ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും കേടുവരുന്ന സ്ഥിതിയാണ്. ഇത്രയും വലിയ ഓഫീസ് സമുച്ചയത്തിൽ പാർക്കിംഗിന് വേണ്ടത്ര സൗകര്യങ്ങളുമില്ല. കഴിഞ്ഞ അഞ്ച് ദിവസമായി സിവിൽ സ്റ്റേഷനിൽ ജലവിതരണം തടസപ്പെട്ടതിൽ പ്രതിഷേധവുമായി എൻ.ജി.ഒ യൂണിയൻ രംഗത്ത് വന്നിരുന്നു. യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ ഇന്നലെ സമരം നടത്തി. സി. ആനന്ദ്, സുമേഷ് എ.എസ്, പി.എ. മുഹമ്മദ് റാഫി, കെ.കെ. റസിയ, പ്രേംദാസ്, കെ.കെ. സന്തോഷ് എന്നിവർ നേതൃത്വം നൽകി.