ആളൂരിലെ മാവുകൾക്ക് തീയിട്ട സംഭവം

മാള: ആളൂർ ജംഗ്ഷനിലെ മാവുകളുടെ ചുവട്ടിൽ സാമൂഹിക വിരുദ്ധർ തീയിടുകയും ശിഖരങ്ങൾ വെട്ടിമാറ്റുകയും ചെയ്ത സംഭവത്തിൽ പഞ്ചായത്ത് നിയമനടപടിക്കൊരുങ്ങുന്നു.

മാവുകൾ നശിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടന്നതെന്നും ഉത്തരവാദികളെ കണ്ടെത്തി ഉചിതമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് പൊലീസിനും, പൊതുമരാമത്ത് എൻജിനിയർക്കും, സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസർക്കും പരാതി നൽകും. നാട്ടുകാരുടെ പരാതിയെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പഞ്ചായത്ത് ജൈവ പരിപാലന സമിതി യോഗത്തിലാണ് തീരുമാനമുണ്ടായത്. കൺവീനർ പി.കെ. കിട്ടൻ, സെക്രട്ടറി പി.എസ്. ശ്രീകാന്ത്, വിശ്വംഭരൻ മാസ്റ്റർ, രാജ്കുമാർ നമ്പൂതിരി, റാഫി കരിപ്പറമ്പിൽ എന്നിവർ പങ്കെടുത്തു.