ചാലക്കുടി: ഉദ്ഘാടനം കഴിഞ്ഞ് ഒന്നേകാൽ വർഷമായി വെറുതെ കിടക്കുന്ന വടക്കെ ബസ് സ്റ്റാൻഡ് വീണ്ടും സജീവം. കഴിഞ്ഞയാഴ്ച ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാന പ്രകാരം നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, ജോയിന്റ് ആർ.ടി.ഒ: വി. സന്തോഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ ബസുകളെ സ്റ്റാൻഡിൽ കയറ്റുന്നതിനുള്ള ശ്രമം ആരംഭിച്ചു. എങ്കിലും ആദ്യദിവസം യാത്രക്കാർ കാര്യമായി ഇവിടേക്ക് എത്തിയില്ല.
ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും എത്തുന്ന എല്ലാ ബസുകളും നോർത്ത് സ്റ്റാൻഡിൽ കയറിപ്പോകണമെന്നാണ് തീരുമാനം. ഇതോടെ വെള്ളിക്കുളം ജംഗ്ഷൻ, ആനമല ജംഗ്ഷൻ എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഇല്ലാതാകും. അതിരപ്പിള്ളി മേഖലയിലേക്കുള്ള ബസുകളുടെ ആനമല ജംഗ്ഷനിലെ സ്റ്റോപ്പും ഇനിയുണ്ടാകില്ല. പകരം യാത്രക്കാർ സ്റ്റാൻഡിലെത്തി ബസ് കയറണം.
ഇരിങ്ങാലക്കുടയിലേക്ക് പോകുന്ന ബസുകൾ പക്ഷെ, സ്റ്റാൻഡിലേക്ക് പ്രവേശിക്കില്ല. ഇതിനായി ട്രാംവേ ജംഗ്ഷനിൽ പുതിയ സ്റ്റോപ്പുണ്ടാകും. നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, പാർലമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ, എം.വി.ഐ സാൻജോ വർഗീസ്, മുനിസിപ്പൽ ഹെൽത്ത് ഇൻസ്‌പെക്ടർ എം.എ. ഷാജി, ബസുടമ സംഘം പ്രതിനിധി റാഫേൽ എന്നിവരും സ്റ്റാൻഡിൽ ബസുകൾ കയറ്റുന്ന ശ്രമത്തിൽ പങ്കെടുത്തു.
നോർത്ത് ബസ് സ്റ്റാൻഡ് എത്രയും വേഗം ജനകീയമാക്കും. യാത്രക്കാരുടെ ഇഷ്ടകേന്ദ്രമാക്കി സ്റ്റാൻഡ് വികസിപ്പിക്കും.
- വി.ഒ. പൈലപ്പൻ, നഗരസഭാ ചെയർമാൻ