ulkadanamതാലൂക്ക് ഗവ. ആശുപത്രിയിൽ ഏർപ്പെടുത്തിയ ലോൺട്രി സംവിധാനത്തിന്റെ ഉദ്ഘാടനം വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിക്കുന്നു.

കൊടുങ്ങല്ലൂർ: താലൂക്ക് ഗവ. ആശുപത്രിയിൽ ലോൺട്രി സംവിധാനം ഏർപ്പെടുത്തി. ആശുപത്രിയിലെ ഇൻപേഷ്യന്റ് വിഭാഗത്തിലെ തുണിത്തരങ്ങൾ അലക്കി ഉണക്കിയെടുക്കുന്ന ആധുനിക സംവിധാനത്തോടുകൂടിയ വാഷിംഗ് മെഷീനാണ് പുതുതായി നിർമ്മിച്ച കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുള്ളത്.

60 ലക്ഷം രൂപ വില വരുന്ന യന്ത്ര സംവിധാനം സംസ്ഥാന മെഡിക്കൽ കോർപറേഷനാണ് ആശുപത്രിയിലേയ്ക്ക് നൽകിയത്. ഒരേ സമയത്ത് 50 കിലോഗ്രാം തുണികൾ അലക്കി ഉണക്കിയെടുക്കാൻ ഇതിലൂടെ സാധിക്കും. നേരത്തെ മൂന്ന് വനിതകൾ ചെയ്തിരുന്ന ജോലിയാണ് ഇപ്പോൾ യന്ത്രവത്കരിച്ചത്. ജോലി ചെയ്തിരുന്ന വനിതകളുടെ തൊഴിൽ നഷ്ടപ്പെടുത്താതെ ആശുപത്രിയിൽ മറ്റ് ജോലി നൽകി സംരക്ഷിക്കും. ലോൺട്രിയുടെ ഉദ്ഘാടനം അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ എം.യു. ഷിനിജ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, സൂപ്രണ്ട് ഡോ. വി. ഉണ്ണിക്കൃഷ്ണൻ, ലത ഉണ്ണിക്കൃഷ്ണൻ, കെ.എസ്. കൈസാബ്, ഒ.എൻ. ജയദേവൻ, ടി.എസ്. സജീവൻ, വി.എം. ജോണി എന്നിവർ പ്രസംഗിച്ചു.