ചാലക്കുടി: റെയിൽവേ സ്റ്റേഷൻ റോഡിലെ എസ്.എച്ച് കോളേജ് പരിസരത്തെ ഭാരവാഹനങ്ങളുടെ പാർക്കിംഗ് ഒഴിവാക്കാൻ സനീഷ്‌കുമാർ ജോസഫ് എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിർദേശം പൊലീസ് വാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് നൽകി. മുപ്പതു ലോറികൾ വരെ പാർക്ക് ചെയ്യാൻ എഫ്.സി.ഐ ഗോഡൗണിൽ സ്ഥലമുണ്ടെന്നും ഇവിടെ കയറ്റിറക്കിനു വരുന്ന വാഹനങ്ങൾക്ക് ജില്ലാ സപ്ലൈ ഓഫീസർ മുൻകൂട്ടി സമയം നൽകേണ്ടതാണെന്നും യോഗം നിർദ്ദേശിച്ചു.
ബിവറേജസ് കോർപറേഷനുമായി ബന്ധപ്പെട്ട വാഹനങ്ങൾക്ക് അനുയോജ്യമായ മറ്റൊരു പാർക്കിംഗ് ഏരിയ ഉടൻ കണ്ടെത്തി ഉപയോഗിക്കണമെന്നും നിർദേശം ഉയർന്നു. നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, ഡിവൈ.എസ്.പി: സി.ആർ. സന്തോഷ്, ജോയിന്റ് ആർ.ടി.ഒ: വി. സന്തോഷ്‌കുമാർ, നഗരസഭാ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. പോൾ, കൗൺസിലർമാരായ സി.എസ്. സുരേഷ്, അഡ്വ. ബിജു എസ്. ചിറയത്ത്, ബിന്ദു ശശികുമാർ, റോസ്സി ലാസർ, എസ്.എച്ച് കോളേജ് പ്രിൻസിപ്പൽ ഡോ. സി. ഐറിൻ, എഫ്.സി.ഐ ഗോഡൗൺ മാനേജർ റോണി മൈക്കിൾ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.