
പുതുക്കാട് : 2010 ഫെബ്രുവരിയിലാണ് ഇതിന് മുമ്പ് പുതുക്കാട് ട്രെയിൻ പാളം തെറ്റിയത്. അതും ഗുഡ്‌സ് ട്രെയിൻ. അന്ന് അരിയും ഗോതമ്പുമായി പോയിരുന്ന ഗുഡ്‌സ് ട്രെയിനാണ് പാളം തെറ്റിയത് . ഇന്നലെ പാളം തെറ്റിയ സ്ഥലത്തിനടുത്ത് തന്നെയായിരുന്നു അന്ന് പാളം തെറ്റിയത്. അന്ന് അപകടം നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് സ്ലിപ്പുകൾ മാറ്റി സ്ഥാപിച്ചു. ട്രെയിനുകൾ സഞ്ചരിക്കുമ്പോൾ ഈ സ്ഥലത്തെത്തുമ്പോൾ ശബ്ദവ്യത്യാസം തോന്നിയിരുന്നതായി അന്ന് പരിസരവാസികൾ സാക്ഷ്യപെടുത്തിയിരുന്നു. ഇപ്പോൾ സ്ലിപ്പുകൾ മാറ്റുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ഇരുപത് കിലോമീറ്റർ വേഗതയിലാണ് ട്രെയിനുകൾ സഞ്ചരിച്ചിരുന്നത്. വേണ്ടത്ര മുൻകരുതൽ റെയിൽവേ അധികൃതർ സ്വീകരിച്ചിരുന്നു. എന്നിട്ടും അപകടം സംഭവിച്ചു.
കൊടുംവളവാണ് ഇവിടെ. എൻജിൻ ഉൾപ്പെടെയുള്ള ആറ് ബോഗികൾ ട്രാക്കിൽ നിന്നും തെന്നിയാണ് നിന്നത്. ട്രെയിൻ ട്രാക്കിൽ നിന്നും മാറിയതോടെ വൻ ശബ്ദം ഉണ്ടായി. ശബ്ദം കേട്ട് ട്രാക്കിനടുത്ത് ജോലി ചെയ്തിരുന്ന തൊഴിലാളികൾ ഓടിമാറി. പാളം തെറ്റിയ ബോഗികൾ ട്രാക്കിൽ നിന്നും മാറ്റിയശേഷം ട്രാക്ക് ശരിയാക്കും. പാളം തെറ്റിയ എൻജിനും, ബോഗികളും ട്രാക്കിൽ നിന്നും വശങ്ങളിലേക്ക് മാറ്റിയ ശേഷം മറ്റു ബോഗികൾ എൻജിൻ ഉപയോഗിച്ച് പിറകിലേക്ക് മാറ്റും. എന്നിട്ട് തകരാറിലായ ട്രാക്ക് ശരിയാക്കും. ഇന്ന് വൈകിട്ടോടെ പ്രവൃത്തികൾ പൂർത്തികരിക്കാനാകുമെന്നാണ് പ്രതീക്ഷ. പുതുക്കാട് എത്തുന്ന ട്രെയിനുകൾ ട്രാക്ക് മാറ്റി യാത്ര തുടരും. ഷൊർണൂർ ഭാഗത്തു നിന്നും വരുന്ന ട്രെയിനുകൾ പുതുക്കാട് എത്തുമ്പോൾ അപ്പർട്രാക്കിൽ നിന്നും ഡൗൺട്രാക്കിലേക്ക് മാറ്റും. ഇരിങ്ങാലക്കുട സ്റ്റേഷനിലെത്തിയാൽ വീണ്ടും അപ്പർട്രാക്കിലേക്ക് മാറ്റും. ഇങ്ങനെയാണ് ഇപ്പോൾ എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ സഞ്ചരിക്കുന്നത്.
റദ്ദാക്കിയ ട്രെയിനുകൾ
പാലക്കാട് തിരുനെൽവേലി പാലരുവി എക്‌സ്പ്രസ്, ഷൊർണ്ണൂർ തിരുവനന്തപുരം വേണാട് എക്‌സ്പ്രസ്, നിലമ്പൂർ കോട്ടയം എക്‌സ്പ്രസ്, ഷൊർണ്ണൂർ എറണാകുളം മെമു, പാലക്കാട് എറണാകുളം മെമു എന്നിവ പൂർണ്ണമായും കണ്ണൂർ എറണാകുളം, തിരുവനന്തപുരം ഗുരുവായൂർ ഇന്റർസിറ്റി ഭാഗികമായും റദ്ദാക്കി.