ചാവക്കാട്: മേഖലയിൽ വാഹനങ്ങളുടെ ബാറ്ററിമോഷണം വ്യാപകമാകുന്നു. കഴിഞ്ഞദിവസം രാത്രി രണ്ട് വാഹനങ്ങളുടെ ബാറ്ററിയാണ് മോഷണം പോയത്. എടക്കഴിയൂർ പീടിയേക്കൽ ഷജീറിന്റെ വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന എ.സി ഗുഡ്‌സ് വാഹനത്തിൽ നിന്നും തിരുവത്ര കുമാർ എ.യു.പി സ്‌കൂളിന് മുന്നിൽ നിറുത്തിയിട്ടിരുന്ന തിരുവത്ര കറുത്താറയിൽ കുഞ്ഞുമുഹമ്മദിന്റെ പിക്കപ്പ് വാനിൽ നിന്നുമാണ് ബാറ്ററി മോഷണം പോയത്. ഇരുവരും ചാവക്കാട് പൊലീസിൽ പരാതി നൽകി.
7000 രൂപയോളം വിലവരുന്ന ബാറ്ററികളാണ് മോഷണം പോയതെന്ന് ഇവർ പറഞ്ഞു. കഴിഞ്ഞ ദിവസം എടക്കഴിയൂർ പി.സി. ഹൈദ്രോസിന്റെ ഉടമസ്ഥതയിലുള്ള പി.സി സൗണ്ട് ഗോഡൗണിൽ നിറുത്തിയിട്ടിരുന്ന ടെമ്പോയിൽ നിന്നും ബാറ്ററി മോഷണം പോയിരുന്നു. മേഖലയിൽ നിരവധി വാഹനങ്ങളുടെ ബാറ്ററിയാണ് ഇത്തരത്തിൽ മോഷണം പോകുന്നത്. എന്നാൽ പലരും പരാതിപ്പെടുന്നില്ല. അടിയന്തരമായി ഈ വിഷയത്തിൽ പൊലീസ് നടപടികൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.