rajan

തൃശൂർ: വിനോദ സഞ്ചാര മേഖലയ്ക്ക് പുത്തനുണർവ് ലക്ഷ്യമിട്ട്, സർക്കാരിന്റെ ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയുടെ ഭാഗമായി പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിന് വഴി തുറക്കുന്നു. വിനോദകേന്ദ്രങ്ങളുടെ വികസനത്തിനാവശ്യമായിവരുന്ന ആകെ തുകയുടെ 60 ശതമാനം തുകയോ പരമാവധി 50 ലക്ഷം രൂപ വരെയോ സർക്കാർ പ്രത്യേക ധനസഹായമായി ലഭ്യമാക്കും.

പ്രാദേശിക സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി സമഗ്രമായ പ്രാദേശിക സാമ്പത്തിക വികസനം സാദ്ധ്യമാകുന്ന തരത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്ന തരത്തിലാണ് പദ്ധതികൾ ആവിഷ്‌കരിക്കേണ്ടത്. വിനോദസഞ്ചാര കേന്ദ്രങ്ങളെ ഒരുക്കാനുള്ള പദ്ധതി നിർദ്ദേശങ്ങൾ ഫെബ്രുവരി 28 ന് സമർപ്പിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് ആസൂത്രണ സമിതിയോഗം കഴിഞ്ഞദിവസം നിർദ്ദേശം നൽകിയിരുന്നു. ജില്ലയിൽ പൊതുശ്രദ്ധയിൽ വരാത്ത നിരവധി പ്രാദേശിക വിനോദ സഞ്ചാരകേന്ദ്രങ്ങൾക്ക് ഇത് ഒരു മുതൽകൂട്ടാവും.

കായൽ ടൂറിസം

വിനോദ സഞ്ചാരസാദ്ധ്യതയിലേക്ക് വിരൽ ചൂണ്ടുന്നതാണ് പുത്തൂർ കായൽ ടൂറിസം. കായലോരത്ത് സഞ്ചാരികൾക്ക് വരാനുള്ള സൗകര്യം ഒരുക്കിയും മീൻ വളർത്തലും ബോട്ടിംഗ് സൗകര്യം സജ്ജമാക്കിയും സുവോളജിക്കൽ പാർക്കിലേക്ക് വരുന്ന വിനോദസഞ്ചാരികളെക്കൂടി ആകർഷിക്കാനാണ് ഒരുക്കം. മണ്ണെടുത്ത് ബണ്ട് ഉയർത്തി ബോട്ടിംഗ് സൗകര്യമുണ്ടാക്കാം. മാനസസരോവരം എന്ന പേരിലാണ് പദ്ധതിയൊരുങ്ങുന്നത്.

2 കോടി സഹായം

ജില്ലയിൽ നിന്നും സംസ്ഥാന സർക്കാരിലേക്ക് സമർപ്പിച്ച ജലരക്ഷ ജീവരക്ഷ വെണ്ണൂർത്തുറ നീർത്തട പദ്ധതി' എന്ന പ്രോജക്ടിനും, കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ 'ഷീ വർക്ക് സ്‌പേസ് എന്ന സംയുക്ത പ്രോജക്ടിനും സംസ്ഥാന സർക്കാരിന്റെ പ്രത്യേക ധനസഹായമായി 2 കോടി രൂപ വീതം ലഭ്യമായിട്ടുണ്ട്.

ജലരക്ഷ ജീവരക്ഷ പദ്ധതി

കുളങ്ങളുടെ സംയുക്ത പ്രോജക്ടുകൾ തയ്യാറാക്കി സർക്കാർ ധനസഹായത്തിനായി സമർപ്പിക്കും
64 കുളങ്ങൾ സംരക്ഷിച്ച് വെള്ളം സംഭരിക്കും

പുത്തൂരിൽ മാനസസരോവരം

പുത്തൂർ പഞ്ചായത്തിലെ 'മാനസസരോവരം പുത്തൂർ കായൽ നവീകരണം' എന്ന ഇക്കോടൂറിസം സംയുക്ത പ്രോജക്ടിന്റെ വിശദമായ പ്രോജക്ട് റിപ്പോർട്ട് ധനപൊതുമരാമത്ത് വിനോദ സഞ്ചാര റവന്യൂ തദ്ദേശ വകുപ്പ് മന്ത്രിമാർക്കും സംസ്ഥാന ആസൂത്രണ ബോർഡിനും പ്രത്യേക ധനസഹായം ലഭ്യമാകുന്നതിനായി ജില്ലാ ആസൂത്രണ സമിതി തീരുമാനപ്രകാരം സമർപ്പിച്ചിട്ടുണ്ട്.

കെ.വി.സജു

ജില്ലാ ആസൂത്രണ സമിതി അംഗം.