mill

തൃശൂർ : ഒരു കാലത്ത് തൃശൂരിന്റെ മുഖമായിരുന്ന ടെക്‌സ്റ്റൈൽ മില്ലുകൾക്ക് മരണ മണി. പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള അളഗപ്പ മില്ലും ലക്ഷ്മി മില്ലും അടച്ചു പൂട്ടി രണ്ട് വർഷം തികയാനിരിക്കെയാണ് കെ.കരുണാകരൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കന്മാർ തൊഴിലാളി യൂണിയനുകൾ കെട്ടിപ്പെടുത്ത സീതാറാം മില്ലിനും താഴ് വീഴാൻ ഒരുങ്ങുന്നത്.

ഒരു കാലത്ത് ആയിരക്കണക്കിന് തൊഴിലാളികളുടെ അന്നമായിരുന്ന ടെക്‌സ്റ്റൈൽ മില്ലുകളാണ് പ്രവർത്തനം നിലച്ചത്. സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഏക മില്ലാണ് സീതാറാം മിൽ. പ്രതിസന്ധി മൂലം പ്രവർത്തന മൂലധനം ഇല്ലാതെ കമ്പനി ലേ ഓഫിലാണ്. എന്ന് തുറക്കുമെന്ന് പോലും പറയാൻ മാനേജ്‌മെന്റിനാകുന്നില്ല. സാമ്പത്തിക പ്രതിസന്ധി മൂലം അസംസ്‌കൃത വസ്തുവായ പഞ്ഞി ഇറക്കാൻ പോലുമാകുന്നില്ല. ഓഫീസ് ജീവനക്കാരും തൊഴിലാളികളുമടക്കം 200 ഓളം പേരാണ് നിലവിൽ സീതാറാം മില്ലിൽ ജോലി ചെയ്തിരുന്നത്.
തൊഴിലാളികളുടെ ശമ്പള കുടിശികയ്ക്ക് പുറമേ ലക്ഷങ്ങളുടെ വൈദ്യുതി കുടിശികയും തൊഴിലാളികളുടെ ഇ.എസ്.ഐ, പി.എഫ് എന്നിവയിൽ കമ്പനി അടയ്‌ക്കേണ്ട തുകയും കുടിശികയാണ്. വിരമിച്ച ജീവനക്കാർക്ക് ഗ്രാറ്റ്വിവിറ്റി ഇനത്തിൽ നൽകാനുള്ളത് 43 ലക്ഷമാണ്. നഷ്ടത്തിന്റെ പേര് പറഞ്ഞ് സീതാറാം മില്ലിന്റെ ഭൂമി സ്വകാര്യ വ്യക്തികൾക്ക് വിൽക്കാനും ശ്രമിക്കുന്നുവെന്ന ആരോപണവുമുണ്ട്.

ലക്ഷ്മിയും അളഗപ്പയും ഉയർത്തെഴുന്നേൽക്കുമോ ?

സംസ്ഥാനത്തെ എൻ.ടി.സി മില്ലുകളിൽ പ്രമുഖമായിരുന്ന ഒളരിയിലെ ലക്ഷ്മി മില്ലും ആമ്പല്ലൂരിലെ അളഗപ്പ മില്ലും പൂട്ടിയിട്ട് രണ്ട് വർഷം തികയുകയാണ്. കൊവിഡ് മഹാമാരിയുടെ മറവിലാണ് നാഷണൽ ടെക്‌സ്റ്റൈൽ കോർപറേഷൻ മാനേജ്‌മെന്റിന് കീഴിലുള്ള രണ്ടു മില്ലുകളും താഴിട്ടത്. 23 മാസമായി തുറക്കാതെ കിടക്കുന്ന മില്ലിലെ യന്ത്രങ്ങളും തുരുമ്പെടുത്തു. ലോക്ഡൗൺ കാലത്ത് കമ്പനി അടച്ചുപൂട്ടിയതോടെ പകുതി ശമ്പളമാണ് നൽകിയത്. മാസങ്ങളായി അതും നൽകുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. ലക്ഷ്മി മില്ലിൽ 271 സ്ഥിരം തൊഴിലാളികളും 168 ദിവസ വേതനക്കാരും 50 ഓഫീസ് ജീവനക്കാരുമടക്കം 489 പേരാണുള്ളത്. അളഗപ്പയിൽ 287 സ്ഥിരം ജീവനക്കാരും 197 ദിവസ വേതനക്കാരും 52 ഓഫീസ് ജീവനക്കാരുമടക്കം 536 പേരുമാണ് ജോലി ചെയ്തിരുന്നത്. മില്ലുകളുടെ പ്രവർത്തനം നിലച്ചതോടെ മൂന്ന് മില്ലുകളിലായി 1200 ലേറെ ജീവനക്കാരും അവരുടെ കുടുംബങ്ങളുമാണ് പട്ടിണിയിലായത്.


നാഷണൽ ടെക്‌സ്റ്റൈൽസ് കോർപറേഷന്റേതായി രാജ്യത്തൊട്ടാകെ 23 മില്ലുകളാണ് ഇപ്പോൾ ശേഷിക്കുന്നത്. കൊവിഡ് വ്യാപനത്തിന്റെ ഒന്നാം ലോക്ഡൗണിന്റെ സമയത്താണ് എല്ലാ മില്ലുകളും അടച്ചത്. ഇക്കാര്യത്തിൽ നേരത്തെ പാർലമെന്റിൽ ചോദ്യം ഉന്നയിച്ചപ്പോൾ പതിനഞ്ച് മില്ലുകൾ ഒഴികെയുള്ളവ തുറന്ന് പ്രവർത്തിപ്പിക്കുമെന്ന് അറിയിച്ചിരുന്നു.

ടി.എൻ.പ്രതാപൻ

എം.പി


ജില്ലയിൽ നിന്നുള്ള മൂന്ന് മന്ത്രിമാരും ജില്ലക്കാരനായ വ്യവസായ മന്ത്രിയും ചെറുവിരൽ അനയ്ക്കുന്നില്ല. ഭരണകക്ഷി ട്രേഡ് യൂണിയനുകളുടെ നേതാക്കൾ ഉൾപ്പെടെ എല്ലാവരും മൗനം പാലിക്കുകയാണ്. മില്ലിനെ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെടുത്തി കോടികൾ വില വരുന്ന ഭൂമി വിൽക്കാനാണ് സർക്കാരിന്റെ നീക്കമെന്ന് സംശയിക്കുന്നു

ടി.വി. ചന്ദ്രമോഹൻ
സീതാറാം ടെക്‌സ്റ്റൈൽസ് ലേബർ കോൺഗ്രസ് പ്രസിഡന്റ്
വി.എ.ഷംസുദ്ദീൻ
യൂണിയൻ ജനറൽ സെക്രട്ടറി