തൃശൂർ: കൊവിഡ് സ്ഥിരീകരിക്കാനുള്ള ആന്റിജൻ, ആർ.ടി.പി.സി.ആർ പരിശോധനകൾക്കുള്ള നിരക്ക് ഏകപക്ഷീയമായി കുറച്ച സർക്കാർ നടപടിയിൽ പ്രതിഷേധവുമായി ലബോറട്ടറി ഉടമകളുടെ സംഘടന. ലാബ് നടത്തിപ്പുകാരുമായി ചർച്ച ചെയ്ത് സമവായത്തിലൂടെ മാത്രമേ നിരക്ക് നിശ്ചയിക്കാവൂ എന്ന ഹൈക്കോടതി ഉത്തരവിന്റെ ലംഘനമാണ് സർക്കാർ നടപടിയെന്നും ഇതിനെതിരെ കോടതിയലക്ഷ്യത്തിന് സമീപിക്കുമെന്നും മെഡിക്കൽ ലബോറട്ടി ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി. ബാലചന്ദ്രൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
നിരക്ക് കുറച്ചതിനെതിരെ എല്ലാ ജില്ലയിലും തിങ്കളാഴ്ച ഡി.എം.ഒ ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തും. കളക്ടർ, ഡി.എം.ഒ എന്നിവർക്ക് നിവേദനം നൽകും. ലാബുകൾ അടച്ചിടുന്നത് ഉൾപ്പെടെ തുടർസമര പരിപാടികൾ അന്ന് ചേരുന്ന സംസ്ഥാന നിർവാഹക സമിതി തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആർ.ടി.പി.സി.ആർ പരിശോധനക്ക് 800 രൂപയെങ്കിലും വേണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. അതിലുപരി, നിലവിലുണ്ടായിരുന്ന 500 രൂപയെങ്കിലും അനുവദിക്കണമെന്നും ഇത്തരം കാര്യങ്ങൾ ചർച്ചയിലൂടെ മാത്രം നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എസ്. ഷാജു, തൃശൂർ ജില്ലാ പ്രസിഡന്റ് കെ.ബി. സുരേഷ്, സെക്രട്ടറി ടി.ജി. സച്ചിത്ത്, ട്രഷറർ ജോർജ് ടി. ജോർജ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു