mukundan-mla
പെരിങ്ങോട്ടുകര പൊലീസ് ഔട്ട്പോസ്റ്റിലെത്തിയ സി.സി. മുകുന്ദൻ എം.എൽ.എ പൊലീസ് ഓഫീസർമാരോട് കാര്യങ്ങൾ ചോദിച്ചറിയുന്നു.

പെരിങ്ങോട്ടുകര പൊലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന് സാദ്ധ്യത തെളിയുന്നു

പെരിങ്ങോട്ടുകര: അന്തിക്കാട് പൊലീസ് സ്റ്റേഷൻ വിഭജിച്ച് പെരിങ്ങോട്ടുകര ഔട്ട് പോസ്റ്റ് നിൽക്കുന്ന സ്ഥലത്ത് പുതിയ സ്റ്റേഷൻ കെട്ടിട നിർമ്മാണത്തിന് സാദ്ധ്യത തെളിയുന്നു. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി സി.സി മുകുന്ദൻ എം.എൽ.എ പറഞ്ഞു.

രണ്ടര കോടി രൂപ ചെലവഴിച്ച് ആധുനിക രീതിയിലുള്ള കെട്ടിടമാണ് നിർമ്മിക്കുക. ഇക്കാര്യത്തിൽ ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയുടെ മറുപടി ലഭിച്ചിട്ടുണ്ട്. അരക്കോടി രൂപ ടോക്കൺ മണിയായി നേരത്തെ ലഭിച്ചിരുന്നു. എന്നാൽ ബന്ധപ്പെട്ട ഫയലിൽ പൊതുമരാമത്ത് എന്നതിന് പകരം ആഭ്യന്തരം എന്ന് തെറ്റായി രേഖപ്പെടുത്തിയത് സാങ്കേതിക കുരുക്കാവുകയായിരുന്നവെന്ന് എം.എൽഎ പറഞ്ഞു.

ഇത് തിരുത്തുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. പുതിയ സ്റ്റേഷൻ ആരംഭിക്കുന്നതോടെ എതു സ്റ്റേഷന്റെ പരിധിയാണോ കുറയുന്നത്, പ്രസ്തുത സ്റ്റേഷനായി അനുവദിച്ചിട്ടുള്ള സ്റ്റാഫിൽ നിന്നും തസ്തികകൾ കണ്ടെത്തണമെന്നും പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കെട്ടിട വിഭാഗം എക്‌സി. എൻജിനിയർ ഫെബ്രുവരി അവസാനത്തോടെ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകും. ഇതോടെ പ്രവൃത്തിക്ക് ഭരണാനുമതി ലഭിക്കുമെന്നും എം.എൽ.എ പറഞ്ഞു. സംസ്ഥാനത്ത് 12 പുതിയ സ്റ്റേഷനുകൾക്കാണ് ആഭ്യന്തര വകുപ്പ് പ്രൊപ്പോസൽ നൽകിയിട്ടുളളത്. ഇതിൽ നാലാമതായി ജില്ലയിലെ റൂറലിൽ നിന്നും പെരിങ്ങോട്ടുകര ഉൾപ്പെട്ടിട്ടുണ്ട്. ഇതോടെ അന്തിക്കാട് സ്റ്റേഷൻ വിഭജിച്ച് പെരിങ്ങോട്ടുകരയിൽ ആധുനിക രീതിയിലുള്ള പൊലീസ് സ്റ്റേഷൻ വരുമെന്നാണ് അറിയുന്നത്.

പെരിങ്ങോട്ടുകര ഔട്ട് പോസ്റ്റിന് കാലങ്ങളുടെ പഴക്കം

പെരിങ്ങോട്ടുകരയിൽ പൊലീസ് ഔട്ട് പോസ്റ്റ് നിലവിൽ വന്നിട്ട് വർഷങ്ങളായി. പരിസര പ്രദേശത്ത് പൊട്ടിപുറപ്പെട്ട അനിഷ്ട സംഭവങ്ങളെ തുടർന്നായിരുന്നു ഇത്. മേഖലയിലുള്ള എതാനും ആളുകൾ അന്തിക്കാട് പൊലീസുമായി കൈകോർത്ത് പത്ത് ലക്ഷം രൂപയോളം ചെലവഴിച്ച് താത്ക്കാലിക കെട്ടിടം പണികഴിപ്പിച്ച് ഔട്ട്‌പോസ്റ്റാക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനായി മുൻ എം.എൽ.എ ഗീത ഗോപി സർക്കാരിൽ കാര്യമായ ഇടപെടൽ നടത്തിയിരുന്നു. നിലവിൽ സി.സി. മുകുന്ദൻ എം.എൽ.എ നടത്തുന്ന ക്രിയാത്മക ഇടപെടലിൽ പ്രതീക്ഷയർപ്പിക്കുകയാണ് പ്രദേശവാസികൾ.