വടക്കാഞ്ചേരി: മദ്ധ്യകേരളത്തിലെ പ്രശസ്തമായ ഉത്രാളിക്കാവ് പൂരം പ്രൗഢഗംഭീരമായി ആചാരാനുഷ്ഠാനങ്ങളോടെ നടത്താൻ കോ- ഓർഡിനേഷൻ കമ്മിറ്റിയിൽ ധാരണ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെയാണ് പൂരം നടത്തുക.
പൂരത്തിന്റെ മുഖ്യപങ്കാളികളായ എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി എന്നീ വിഭാഗക്കാർ യോഗത്തിൽ പങ്കെടുത്തു. ടൂറിസ്റ്റുകൾ കണ്ടിരിക്കേണ്ട അഞ്ച് ഉത്സവങ്ങളിൽ ഒന്നാണ് ഉത്രാളിക്കാവ് പൂരം. ആന, പഞ്ചവാദ്യം, മേളം, ബഹുനില പന്തലുകൾ, വെടിക്കെട്ട്, കുടമാറ്റം, ഭഗവതിപ്പൂരം, കൂട്ടി എഴുന്നെള്ളിപ്പ് എന്നിവയെല്ലാം മികച്ച രീതിയിൽ കാഴ്ച വയ്ക്കുന്ന പൂരമാണിത്.
മാർച്ച് ഒന്നിനാണ് ഉത്രാളിക്കാവ് പൂരം. ഈ മാസം 22ന് പറ പുറപ്പെടും. എങ്കക്കാട് ദേശത്തിന്റെ കാഴ്ചപ്പന്തലിന് ഇന്ന് ഉത്രാളിക്കാവ് ക്ഷേത്ര പരിസരത്ത് കാൽനാട്ടുമെന്ന് ഭാരവാഹികൾ അറിയിച്ചു.