serveyനഗരസഭയിൽ ജി.ഐ.എസ് മാപ്പിംഗിന്റെ ഭാഗമായി ആരംഭിച്ച സർവേ നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: നഗരസഭയിൽ ജി.ഐ.എസ് മാപ്പിംഗിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും ഭൗമ വിവര സർവേ ആരംഭിച്ചു.

ഓരോ വീടുകളിലും നിന്നും കുടുംബവുമായി ബന്ധപ്പെട്ട വിവരശേഖരണമാണ് മൊബൈൽ അപ്ലിക്കേഷനുപയോഗിച്ച് ശേഖരിക്കുന്നത്. ഡിജിറ്റൽ പരിശീലനം ലഭിച്ച സർവേയർമാരെയാണ് 44 വാർഡുകളിലും സർവേ നടത്തുന്നത്.

കൂടാതെ വീടുകളുടെയും മറ്റും വിസ്തീർണം, നിശ്ചയിക്കപ്പെട്ട കെട്ടിട നികുതി, കെട്ടിടത്തിന്റെ ഡിജിറ്റൽ ഫോട്ടോ ഉൾപ്പെടെ ശേഖരിക്കും. ആദ്യഘട്ടത്തിൽ നാല് വാർഡുകളിലാണ് സർവേ ആരംഭിക്കുന്നത്. അഞ്ചാം വാർഡിൽ നഗരസഭ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ മാക്കാൻതറ ലത്തീഫിന്റെ വസതിയിൽ സർവേ നടത്തി പരിപാടി ഉദ്ഘാടനം ചെയ്തു. രണ്ടു ദിവസത്തിനകം മുഴുവൻ വാർഡുകളിലും സർവേ ആരംഭിക്കും. തുടർന്ന് നഗരത്തിലെ വിവിധ പ്രകൃതിവിഭവങ്ങൾ, റോഡുകൾ, തോടുകൾ, പാലങ്ങൾ ഉൾപ്പെടെയുള്ളവയെല്ലാം ഡ്രോൺ ഉപയോഗിച്ച് സർവേ നടത്തും. നഗരസഭയിലെ 14-ാം പഞ്ചവത്സര പദ്ധതികൾ രൂപീകരിക്കുന്നതിനും ഈ വിവരശേഖരണം സഹായകമാകും.