
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ഉത്സവത്തിന് ആരംഭം കുറിച്ച് നടക്കുന്ന ആനയോട്ടത്തിന് ഒരാനയെ മാത്രമാകും പങ്കെടുപ്പിക്കുക. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് ദേവസ്വം തീരുമാനം.
പളളിവേട്ട, ആറാട്ട് എഴുന്നള്ളിപ്പ് എന്നീ ചടങ്ങുകൾക്ക് മൂന്ന് ആനകളെ പങ്കെടുപ്പിക്കാൻ പ്രത്യേക അനുമതി തേടി ജില്ലാ ഭരണകൂടത്തിന് കത്ത് നൽകാനും ദേവസ്വം തീരുമാനിച്ചിട്ടുണ്ട്. ദേവസ്വം കമ്മിഷണർ ബിജു പ്രഭാകറിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന ദേവസ്വം ഭരണസമിതിയുടെ അടിയന്തര യോഗത്തിലാണ് ഈ തീരുമാനം.
നേരത്തെ ആനയോട്ട ചടങ്ങിന് മൂന്ന് ആനകളെ പങ്കെടുപ്പിക്കാനാണ് ദേവസ്വം ഭരണസമിതി തീരുമാനിച്ചിരുന്നത്. എന്നാൽ ഫെബ്രുവരി 10ന് കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന നാട്ടാന പരിപാലന ചട്ടപ്രകാരമുള്ള ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ, ജില്ല ബി കാറ്റഗറിയിൽ ആയതിനാൽ ക്ഷേത്ര മതിൽക്കെട്ടിന് പുറത്തേക്ക് ഒരു ആനയെ മാത്രം ഉപയോഗിച്ചാൽ മതിയെന്ന് തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തിൽ ജില്ലാ മോണിറ്ററിംഗ് സമിതിയുടെ തീരുമാനത്തിനുസൃതമായി ഒരു ആനയെ മാത്രം ആനയോട്ടത്തിന് പങ്കെടുപ്പിക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിക്കുകയായിരുന്നു.
ഫെബ്രുവരി 22 ന് നടക്കുന്ന പള്ളിവേട്ട എഴുന്നള്ളിപ്പിനും 23 ന് നടക്കുന്ന ഉത്സവം ആറാട്ടിലും മൂന്ന് ആനകളെ പങ്കെടുപ്പിക്കാൻ പ്രത്യേക അനുമതി തേടി ജില്ലാ ഭരണകൂടത്തിന് ദേവസ്വം കത്തും നൽകും.
ആനകൾ പ്രദക്ഷിണം വയ്ക്കുന്നത് ക്ഷേത്ര മതിൽക്കെട്ടിനോട് ചേർന്ന ക്ഷേത്ര ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൂടിയായതിനാൽ കൊവിഡ് മാനദണ്ഡം പാലിച്ച് ഭക്തജനങ്ങളെ നിയന്ത്രിച്ച് പള്ളിവേട്ട, ആറാട്ട് ചടങ്ങുകൾ നടത്താനാകുമെന്ന കാര്യവും കത്തിൽ ജില്ലാ ഭരണ കൂടത്തെ അറിയിക്കും. തിങ്കളാഴ്ച വൈകിട്ട് മൂന്നിനാണ് ആനയോട്ട ചടങ്ങ്. ദേവസ്വം ഭരണസമിതി അംഗങ്ങളായ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ക്ഷേത്ര ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, അഡ്വ.കെ.വി.മോഹനകൃഷ്ണൻ, അഡ്മിനിസ്‌ട്രേറ്റർ കെ.പി.വിനയൻ എന്നിവർ പങ്കെടുത്തു.
സ്മരണപുതുക്കാൻ ആനയില്ലാ ശീവേലി
ഗുരുവായൂർ: പതിവായി ആനപ്പുറത്ത് ശീവേലിയെഴുന്നള്ളുന്ന ഗുരുവായൂരപ്പന് നാളെ ആനയില്ലാതെയാണ് ശീവേലി. ഇതും ആനയോട്ടത്തെ പോലെ തന്നെ ചരിത്ര സ്മരണയുണർത്തുന്നതാണ്. ഒരു ഭാഗത്ത് ആനകൾ നിരനിരയായി ഓടുമ്പോൾ അതേ ദിവസം തന്നെ ആനയില്ലാതെ ശീവേലി നടത്തുന്നു.
രാവിലെ ശീവേലിക്ക് ശാന്തിയേറ്റ കീഴ്ശാന്തി നമ്പൂതിരി ഗുരുവായൂരപ്പന്റെ സ്വർണ്ണത്തിടമ്പ് കൈയിലെടുത്ത് നടന്നാണ് മൂന്ന് പ്രദക്ഷിണം പൂർത്തിയാക്കുക. ഗുരുവായൂർ ദേവസ്വത്തിന് സ്വന്തമായി ആനയില്ലാതിരുന്ന കാലഘട്ടത്തെ സൂചിപ്പിക്കുന്നതിനായാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ഈ ചടങ്ങ് നടത്തുന്നത്. കൊച്ചി രാജ്യത്തെ ക്ഷേത്രങ്ങളിൽ നിന്നും ആനകളെ കൊണ്ടുവന്നായിരുന്നു പഴയകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലെ ചടങ്ങുകൾ നിർവഹിച്ചിരുന്നത്. ഒരുവർഷം സാമൂതിരിയുടെ കൈവശമുള്ള ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ആനകളെ കൊച്ചിരാജാവ് അയച്ചില്ലത്രേ.
ക്ഷേത്രോത്സവത്തിന് ആനകളെത്താത്തതിനെ തുടർന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ ആനയില്ലാതെ ശീവേലി നടത്തേണ്ടിവന്നു. ഈസമയം തൃക്കണാമതിലകം ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് നിറുത്തിയിരുന്ന ആനകൾ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഓടിയെത്തിയെന്നാണ് ഐതിഹ്യം. ഇതിനെ അനുസ്മരിപ്പിക്കുന്നതാണ് നാളെ നടക്കുന്ന ആനയില്ലാ ശീവേലി. ആന ഓടി വന്നതിനെ അനുസ്മരിപ്പിക്കാനാണ് ആനയോട്ടവും നടത്തുന്നത്.