ചാലക്കുടി: വനപാലകർ വന്യമൃഗങ്ങളുടെ മാത്രമല്ല ജനത്തിന്റെയും പാലകരാകണമെന്ന് എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി. വന്യമൃഗക്കെടുതി കൊണ്ട് കിഴക്കൻ മലയോര ഗ്രാമങ്ങളിൽ നിന്ന് ജനങ്ങൾ കൂട്ടത്തോടെ പാലയനം ചെയ്യേണ്ടി വരുന്നുണ്ട്.
വന്യമൃഗങ്ങൾക്ക് സുരക്ഷിതമായി വസിക്കാനുള്ള ആവാസവ്യവസ്ഥയോടൊപ്പം ജനങ്ങൾക്ക് തങ്ങളുടെ പാർപ്പിടത്തിലും കൃഷിയിടത്തിലും ഭയരഹിതമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്ന് യൂജിൻ മോറേലി പത്രക്കുറിപ്പിൽ ആവശ്യപ്പെട്ടു.
വന്യമൃഗശല്യം തടയുന്നതിനുള്ള ഫെൻസിംഗ്, കിടങ്ങ് നിർമ്മിക്കൽ അടക്കമുള്ളവ അഴിമതിയുടെ വിഹാരകേന്ദ്രമായി മാറി. ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങൾക്ക് ജീവന് ഭീഷണി ഉയർത്തുന്ന ആനകളെ താപ്പാനകളുടെ സഹായത്തോടെ പിടിക്കുകയോ മയക്കുവെടി വച്ച് ആന പരിപാലന കേന്ദ്രങ്ങളിൽ എത്തിക്കുകയോ വേണമെന്നും എൻ.സി.പി ജില്ലാ പ്രസിഡന്റ് ആവശ്യമുന്നയിച്ചു.