തൃശൂർ: പാറകളുടെ വിസ്തൃതി കണക്കുകൂട്ടിയതിലും കുറവായതോടെ, കുതിരാനിൽ പാലക്കാട്ടേക്കുളള ടണലിലേക്ക് റോഡ് പണിയുന്നതിനുള്ള പാറപൊട്ടിക്കൽ ഭൂരിഭാഗവും പെട്ടെന്ന് കഴിഞ്ഞു. അടുത്ത ആഴ്ചയിൽ തന്നെ റോഡ് നിർമ്മാണം തുടങ്ങാനായേക്കും. പത്തുശതമാനം പാറ മാത്രമാണ് ഇനി പൊട്ടിക്കാനുള്ളത്. പാറ പൊട്ടിച്ചു മാറ്റുന്നത് വേഗത്തിൽ നടന്നതോടെ കരാർകമ്പനിക്കും അധികൃതർക്കും ആശ്വാസമായി. വഴുക്കുംപാറ മുതൽ കുതിരാൻ വരെ റോഡിന് വടക്കുഭാഗത്തുള്ള സർവീസ് റോഡ് നിർമ്മാണവും ഉടൻ തുടങ്ങും.
വഴുക്കുംപാറയിൽ നിർമാണം പുരോഗമിക്കുന്ന മേൽപ്പാതയുടെ വടക്കുവശത്തെ കോൺക്രീറ്റ് ഭിത്തിയോട് ചേർന്നാണ് സർവീസ് റോഡ് നിർമിക്കുന്നത്. ഈ റോഡ് പാലക്കാട് ഭാഗത്തേക്കുള്ള ടണലിന്റെ മുന്നിലേക്ക് എത്തിക്കും. ഇതോടെ വഴക്കുംപാറ ഭാഗത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
വാഹനങ്ങൾ തുരങ്കപാതയിൽ നിന്നും പ്രവേശിക്കുന്നത് പാലത്തിലേക്കാണ്. പാലത്തിന്റെ ഇരുഭാഗങ്ങളും കോൺക്രീറ്റ് പണികൾ തീരുന്നതോടെ മണ്ണിട്ടു നികത്തുന്നതിന് ഗതാഗതം നിയന്ത്രിക്കും. വഴുക്കുംപാറയിൽ നിന്നുള്ള സർവീസ് റോഡിന്റെ പണികൾ കഴിയുന്നതോടെ വാഹനങ്ങൾ ഇതിലൂടെ കടത്തിവിടാനാകും. മെറ്റൽ വിരിക്കുന്ന പണികളാണ് പൂർത്തിയാക്കാനുള്ളത്. വഴുക്കുംപാറയിൽ നിന്നും പണി തുടങ്ങുന്ന ഈ പാത പഴയ റോഡിലേക്ക് കൂട്ടിമുട്ടിച്ചാൽ പ്രദേശവാസികൾക്ക് നിലവിലെ യാത്രാപ്രശ്നവും തീരും. ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഈ ആവശ്യം ഉന്നയിച്ച് മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. നിലവിൽ വഴുക്കുംപാറ ഭാഗത്ത് ഇരുവശത്തേക്കും നിർദിഷ്ട മേൽപാതയുടെ തെക്കുഭാഗത്തെ ഒരേ റോഡിലൂടെയാണ് ഗതാഗതം.
ശനിയാഴ്ച വൈകിട്ട് രൂക്ഷമായ ഗതാഗതക്കുരുക്കായിരുന്നു. പാതിരാത്രി വരെ വാഹനങ്ങൾ കുടുങ്ങിയിരുന്നു. ചുവന്നമണ്ണുവരെ വാഹനങ്ങളുടെ നിരനീണ്ടു. അരമണിക്കൂറിലേറെ സമയമെടുത്താണ് വാഹനങ്ങൾ കുതിരാൻ കടന്നുപോയത്. ടണലിന്റെ കിഴക്കുഭാഗത്ത് കാര്യമായ കുരുക്കുണ്ടായിരുന്നില്ല. തൃശൂരിൽ നിന്നുളള വാഹനങ്ങൾ വഴുക്കുംപാറയിൽ തടഞ്ഞുനിറുത്തി ഒറ്റവരിയായി കടത്തിവിട്ടെങ്കിലും കുരുക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. മണ്ണിട്ട് നിരപ്പാക്കിയ സർവീസ് റോഡിലൂടെ വാഹനങ്ങൾ നിരതെറ്റിച്ച് ഓടിതോടെ രൂക്ഷമായ പൊടിശല്യവുമുണ്ടായി.
പരാതികൾ