 
തൃശൂർ: മൂന്നാഴ്ചത്തെ ഇടവേളയ്ക്കുശേഷം വിദ്യാലയങ്ങൾ വീണ്ടും പൂർണമായും തുറന്നുപ്രവർത്തിക്കാൻ ഒരുങ്ങുമ്പോൾ ജില്ലയുടെ അക്കാഡമിക് മേഖല സജ്ജം. എസ്.എസ്.എൽ.സി കുട്ടികൾക്കായി, ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കുന്ന അധികപഠനവിഭവങ്ങൾ വൈകാതെ അച്ചടിച്ചു നൽകും.
മിക്കവാറും വിദ്യാലയങ്ങളിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർത്തിട്ടുണ്ട്. അല്ലാത്തിടത്ത്, ഈ മാസത്തിനുള്ളിൽ തന്നെ പഠിപ്പിച്ചുതീർക്കാൻ ആവശ്യമായ ഇടപെടൽ നടത്തും. അതുമായി ബന്ധപ്പെട്ട മോണിറ്ററിംഗ് ശക്തമാക്കും. പട്ടികവർഗമേഖലയിൽ പ്രത്യേക ഇടപെടൽ നടത്തും. സ്‌കൂളിൽ എത്താത്ത കുട്ടികളുടെ വീടുകളിൽ പോകാനും ആലോചിച്ചിട്ടുണ്ട്.
പരീക്ഷകൾ നന്നായി നടത്തിത്തീർക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തും. കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാഭ്യാസ ജില്ലാതലത്തിൽ യോഗങ്ങൾ ചേർന്നിരുന്നു. സംസ്ഥാനത്ത് 84ശതമാനത്തിൽ അധികം കുട്ടികൾ വാക്‌സിനേഷൻ എടുത്തിട്ടുണ്ട്. ജില്ലയിൽ അത് 97ശതമാനമാണ്. അതിനാൽ ആശങ്കയില്ലെന്നും അധികൃതർ പറഞ്ഞു. യോഗത്തിൽ ഡയറ്റ് പ്രിൻസിപ്പൽ ഡോ. എം. ശ്രീജ, എസ്.എസ്. കെ.ഡി.പി.സി. ഡോ. എൻ.ജെ. ബിനോയ്, ഹയർ സെക്കൻഡറി ജില്ലാ കോ- ഓർഡിനേറ്റർ വി.എം. കരീം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ- ഓർഡിനേറ്റർ പി.എ. മുഹമ്മദ് സിദ്ദിഖ്, കൈറ്റ് ജില്ലാ കോ- ഓർഡിനേറ്റർ എം. അഷറഫ്, ഡി.ഇ.ഒമാർ, എ.ഇ.ഒമാർ തുടങ്ങിയവർ പങ്കെടുത്തു.
അതേസമയം, ഡിജിറ്റൽ പഠനം തുടരുകയാണെങ്കിൽ സ്മാർട്ടാക്കാനുള്ള പദ്ധതികളും വിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിരുന്നു. വിദ്യാർത്ഥികളുടെ വായന മെച്ചപ്പെടുത്താനും സർഗാത്മക പ്രവർത്തനങ്ങൾ, ദിനാചരണങ്ങൾ എന്നിവയിലൂടെ അവരെ ഊർജ്ജസ്വലരും കർമ്മനിരതരുമാക്കാനാണ് ലക്ഷ്യം. ജില്ലയിലെ രക്ഷിതാക്കളുടെയും ക്ലാസ് പി.ടി.എ യോഗത്തിൽ ഭൂരിഭാഗം വരുന്ന മാതാപിതാക്കളും ഓൺലൈൻ ക്ലാസുകൾ നീളുന്നതിലെ ആശങ്കയാണ് പങ്കിട്ടത്. ലോക്ഡൗൺ കാലത്ത് സ്മാർട്ട് ഫോണുകൾക്കും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഓൺലൈൻ ഗെയിമുകൾക്കും അടിമകളായ വിദ്യാർത്ഥികൾ കൂടിവരികയാണെന്നായിരുന്നു യോഗത്തിലെ പൊതുഅഭിപ്രായം.
വിദ്യാലയങ്ങൾ തുറക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെയും യോഗം പ്രത്യേകം വിളിച്ചു ചേർത്ത് ആവശ്യമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.
- ടി.വി. മദനമോഹനൻ , വിദ്യാഭ്യാസ ഉപ ഡയറക്ടർ