വടക്കാഞ്ചേരി: മുഖ്യമന്ത്രിയുടെ മുൻ പ്രൻസിപ്പൽ സെക്രട്ടി ടി. എം. ശിവശങ്കറിന്റെ ആത്മകഥയായ അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പുസ്തകത്തിലെ പരാമർശത്തിനെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലും സ്വപ്ന സുരേഷിനെ ഇ.ഡി. ചോദ്യം ചെയ്യുമ്പോഴുളള തുറന്നു പറച്ചിലും വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്‌ളാറ്റ് കെട്ടിടത്തെച്ചൊല്ലിയുള്ള അഴിമതിക്കഥകൾ മറനീക്കുമെന്നാണ് സൂചന. യു.എ.ഇ ആസ്ഥാനമായ ജീവകാരുണ്യ സംഘടന റെഡ് ക്രസന്റ് ഭൂരഹിതരായിട്ടുള്ളവർക്ക് വീടുവച്ചു നൽകുന്നതിനായാണ് തുക നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ 140 കുടുംബങ്ങൾക്കാണ് വീടുവച്ചു നൽകുന്നത്. ഇതിനായി അനുവദിച്ച 20 കോടി രൂപയിൽ ഒമ്പതേകാൽ കോടിയും വാങ്ങിയെന്നാണ് ആരോപണം. ഫ്‌ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ നിലവിലുണ്ട്. വിവാദത്തിൽപ്പെട്ട് നിർമ്മാണം നിലച്ച കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുനരാംരംഭിക്കുന്നതിനായി സർക്കാരും സ്ഥലം എം.എൽ.എ സേവ്യർ ചിറ്റിലപ്പിള്ളിയും ശ്രമം നടത്തുന്നതിനിടയിലാണ് സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തൽ.
ഫ്‌ളാറ്റ് നിർമ്മാണം പുനരാംരംഭിക്കുന്നതിന്റെ ഭാഗമായി ലൈഫ് മിഷൻ സി.ഇ.ഒ പി.ബി. നൂഹ് ഏതാനും ദിവസം മുൻപ് വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് സന്ദർശിച്ചിരുന്നു. ഫ്‌ളാറ്റിന് ബലക്ഷയം ഇല്ലെന്ന് വിജിലൻസ് നിയോഗിച്ച വിദഗ്ദ്ധ സമിതിയും കണ്ടെത്തിയിരുന്നു. നിർമ്മാണ പ്രവർത്തനങ്ങൾ ചട്ടലംഘനമാണെന്നും അഴിമതി നടന്നിട്ടുണ്ടെന്നും വിദേശ രാജ്യങ്ങളുമായി കരാറിലേർപ്പെടുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകൾ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി എം.എൽ.എ ആയിരുന്ന അനിൽ അക്കര വിജിലൻസിന് നൽകിയ പരാതിയെത്തുടർന്നാണ് സംഭവം വിവാദത്തിലേയ്ക്ക് വഴിമാറിയത്. 2020 സെപ്തംബറിലാന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ഫ്‌ളാറ്റിന് നൽകിയ തുക ചെലവഴിക്കാത്തതു മൂലം നിർമ്മാണത്തിൽ അഴിമതി നടന്നുവെന്നും ബലഷയമുണ്ടെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഇതെത്തുടർന്ന് ബലപരിശോധനയും ഹാമർ ടെസ്റ്റും കോൺക്രീറ്റ് മുറിച്ചെടുത്തു നടത്തുന്ന കോർ ടെസ്റ്റ് എന്നിവയും നടന്നു. കെട്ടിടം പണിയുന്നതിനായി 2019 ജൂലൈ 11 നാണ് കരാർ ഒപ്പുവെച്ചത്. പദ്ധതിക്കായുളള 48 കോടി രൂപ സ്വപ്ന സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്ന സുരേഷ് അടക്കമുള്ളവർക്ക് കൈക്കൂലി നൽകിയെന്ന ആക്ഷേപം ഉയർന്നതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. വിജിലൻസിന് പിന്നാലെ സി.ബി.ഐ.യും കേസേറ്റെടുത്തിരുന്നു. കേസ് എങ്ങും എത്താത്ത നിലയിലാണ്.