 
തൃശൂർ: ശക്തൻ നഗറിൽ മത്സ്യമാർക്കറ്റ് ഹൈടെക്കാക്കുന്നതിന് ഒരു കോടി അനുവദിച്ചതിന് പിന്നാലെ നഗരവികസനത്തിന് സഹായം തേടി നടനും രാജ്യസഭാ എം.പിയുമായ സുരേഷ്ഗോപി കേന്ദ്ര ധനമന്ത്രിയെ കണ്ടു. സുരേഷ് ഗോപി തന്നെയാണ് തന്റെ ഔദ്യോഗിക സമൂഹമാദ്ധ്യമ പേജിൽ ഇത് പങ്കുവച്ചത്. തൃശൂർ ചർച്ചയിൽ അടുത്തതവണ ഇങ്ങനെയൊരു കൂടിക്കാഴ്ചയിൽ തൃശൂർ മേയറും ഒപ്പം ഉണ്ടായിരിക്കുമെന്ന കുറിപ്പോടെയാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ ഓഫീസിൽ കൂടിക്കാഴ്ച നടത്തുന്ന ചിത്രത്തോടൊപ്പം സുരേഷ് ഗോപി പങ്കുവച്ചത്.
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലായിരുന്നു ശക്തനിലെ മത്സ്യമാർക്കറ്റിന്റെ ശോചനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് എം.പി ഫണ്ടിൽ നിന്ന് ഒരു കോടി അനുവദിച്ചിരുന്നു. പിന്നാലെ ശക്തൻ നഗറിലെ വികസനത്തിനായി കേന്ദ്ര സഹായം വേണമെന്ന മേയറുടെ അഭ്യർഥനയും ഇതു സംബന്ധിച്ച് നിവേദനവും നൽകിയിരുന്നു. ഉടൻ കേന്ദ്രധനമന്ത്രിയെ കാണുമെന്നായിരുന്നു കഴിഞ്ഞ മാസം കോർപറേഷനിൽ മേയറുമായുള്ള കൂടിക്കാഴ്ചയിൽ സുരേഷ് ഗോപി ഉറപ്പ് നൽകിയത്. ഇതേത്തുടർന്നായിരുന്നു കൂടിക്കാഴ്ച.
അതേ സമയം 2024 ലോകസഭാ തിരഞ്ഞെുപ്പ് ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങളുടെ ഭാഗമായി തൃശൂർ കേന്ദ്രീകരിച്ച പ്രവർത്തനങ്ങളിലാണ് സുരേഷ് ഗോപി. മാസത്തിൽ രണ്ട് തവണയെങ്കിലും തൃശൂരിൽ എത്തുകയും പരിപാടികൾ സംഘടിപ്പിക്കുകയും പ്രമുഖരെ സന്ദർശിക്കുകയും ചെയ്യുന്നതിൽ സജീവമാണ്.
മേയറുടെ നന്ദി
തൃശൂരിന്റെ ആവശ്യങ്ങൾ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് മുന്നിലെത്തിച്ച സുരേഷ് ഗോപി എം.പിക്ക് ഒരായിരം നന്ദി അറിയിച്ച് മേയർ എം.കെ. വർഗീസ് ഔദ്യോഗിക പേജിൽ പോസ്റ്റിട്ടു. സുരേഷ് ഗോപിയുടെ പേജിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് പോസ്റ്റ്.
പ്രതാപനെ ട്രോളി ബി.ജെപി
സുരേഷ് ഗോപിയുടെ പോസ്റ്റ് ഏറ്റെടുത്ത് ആണ് ബി.ജെ.പി കാമ്പയിൻ. തൃശൂർ ജയിപ്പിച്ച് വിട്ട പാർലമെന്റ് അംഗം എവിടെയെന്നും പരാജയപ്പെടുത്തിയ എം.പി നാടിന്റെ വികസനത്തിനായി ശ്രമിക്കുമ്പോൾ, മറ്റൊരു സംസ്ഥാനത്തെ കാര്യത്തിൽ തൃശൂർ എം.പി ഇംഗ്ളീഷ് പഠിക്കുകയാണെന്ന് പ്രതാപന്റെ പാർലമെന്റിലെ പ്രസംഗവീഡിയോ പങ്കുവച്ച് ബി.ജെ.പി ട്രോളുന്നു. പാർലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് സുരേഷ്ഗോപിയുടെ പ്രഖ്യാപനമായിരുന്നു തോറ്റാലും താൻ തൃശൂരിനായി പ്രവർത്തിക്കുമെന്ന്. നേരത്തെ ശക്തൻ നഗർ മത്സ്യ മാർക്കറ്റിന് തുക അനുവദിച്ചതും മേയർ നന്ദി അറിയിച്ചതും കോൺഗ്രസിനും ടി.എൻ. പ്രതാപനുമെതിരെ ബി.ജെ.പി ആയുധമാക്കിയിരുന്നു. വിജയിച്ച എം.പി കോർപറേഷൻ പരിപാടികളിൽ സഹകരിക്കുന്നില്ലെന്നും സഹായം നൽകുന്നില്ലെന്നും മേയർ തന്നെ പരസ്യമായി പ്രതികരിക്കുകയും ചെയ്തിരുന്നു.