കയ്പമംഗലം: പെരിഞ്ഞനം പഞ്ചായത്തിന്റെ ജനകീയ ജൈവ വൈവിദ്ധ്യ രജിസ്റ്റർ പുതുക്കൽ പ്രക്രിയ ആരംഭിച്ചു. 2012ൽ സംസ്ഥാന ജൈവ വൈവിദ്ധ്യ ബോർഡിന്റെ സഹകരണത്തോടെ പെരിഞ്ഞനം പഞ്ചായത്ത് ജൈവ വൈവിധ്യ രജിസ്റ്റർ തയ്യാറാക്കിയിരുന്നു. പഞ്ചായത്ത് പ്രദേശത്തെ കാർഷികവിളകൾ, ഔഷധച്ചെടികൾ, ജന്തു വൈവിദ്ധ്യങ്ങൾ, നാട്ടറിവുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന രജിസ്റ്ററാണ് പുതുക്കുന്നത്. പത്ത് വർഷങ്ങൾക്കിപ്പുറം പുതുതായി നാട്ടിലെത്തിയ ജൈവ വൈവിദ്ധ്യങ്ങൾ കൂട്ടിച്ചേർക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് തിരഞ്ഞെടുത്ത വളണ്ടിയർമാർക്കുള്ള പരിശീലന പരിപാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് വിനിത മോഹൻദാസ് ഉദ്ഘാടനം നിർവഹിച്ചു. അബ്ദുൾ നാസർ, ഹേമലത രാജ്കുട്ടൻ, ഇ.ആർ. ഷീല, സ്‌നേഹദത്ത്, സുജ ശിവരാമൻ, സന്ധ്യ സുനിൽ, സുജിത സലീഷ്, ബിന്ദു രജിശങ്കർ, ജയന്തി മനോജ്, കെ.ആർ. സിന്ധു എന്നിവർ പങ്കെടുത്തു. ജൈവ വൈവിദ്ധ്യ ബോർഡ് ജില്ലാ കോ- ഓർഡിനേറ്റർ ഫെബിൻ ക്ലാസ് നയിച്ചു