ഗുരുവായൂർ: ആനയോട്ടത്തിൽ മൂന്ന് ആനകൾക്ക് അനുമതി ലഭിച്ചത് നഗരസഭാദ്ധ്യക്ഷൻ എം. കൃഷ്ണദാസ് നടത്തിയ ഇടപെടലിനെതുടർന്ന്. ഒരു ആനയ്ക്ക് മാത്രമാണ് ജില്ല ഭരണകൂടം കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നത്. അതനുസരിച്ച് രവികൃഷ്ണയെ ഓടാൻ തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു. എന്നാൽ ഒരു ആന മാത്രമായാൽ ആനയോട്ടം എന്നതിന്റെ പ്രസക്തി ഇല്ലാതാകുന്ന അവസ്ഥയുണ്ടെന്ന് നഗരസഭാദ്ധ്യക്ഷൻ എം. കൃഷ്ണദാസ് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണനെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു. ഇതേത്തുടർന്ന് മന്ത്രിയുടെ ഓഫിസ് ജില്ലാ ഭരണകൂടവുമായി ബന്ധപ്പെടുകയും ആനയോട്ടത്തിന് മൂന്ന് ആനകളെ പങ്കെടുപ്പിക്കാൻ അനുമതി നൽകുകയുമായിരുന്നു.