ചേലക്കര: പ്രസിദ്ധമായ കാളിയറോഡ് പള്ളി ജാറാം ചന്ദനകുടം ആണ്ട് നേർച്ച കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തും. ഫെബ്രുവരി 17, 18,19 തീയതികളിലായാണ് നേർച്ച ആഘോഷിക്കുന്നത്. 17 ന് ഉച്ചയ്ക്ക് 1:30 ന് കൊടിയേറ്റം നടക്കും. പള്ളി ഖത്തീബ് സുലൈമാൻ ദാരിമി ഏലംകുളത്തിന്റെ പ്രാർത്ഥനയോടെ മറ്റു നാല് മഹല്ല് ഖത്തീബുമാരുടെയും ഉസ്താദുമാരുടെയും നേതൃത്വത്തിൽ പ്രസിഡന്റ് കാസിം ഹാജി കൊടിയേറ്റ് നിർവഹിക്കും. 18 ന് ജുമാ നിസ്‌കാരത്തിന് ശേഷം ദിഖ്റ് സ്വലാത്ത്, ദുആ മജിലിസ്, അന്നദാനം എന്നിവ ഉണ്ടാകും. നേർച്ച ദിവസമായ 19 ന് രാവിലെ സുലൈമാൻ ദാരിമി ഏലംകുളത്തിന്റെ നേതൃത്വത്തിൽ മൗലീദ് പാരായണവും ഖത്തം ദുആയും നടക്കും. ഉച്ചകഴിഞ്ഞ് പള്ളിക്ക് കീഴിലുള്ള പുലാക്കോട്, പങ്ങാരപ്പിളളി, മഹല്ല് സെക്രട്ടറി കെ.എസ് അബ്ദുൾ അസീസും തൃക്കണായ മഹല്ല് നേർച്ച സെക്രട്ടറി കെ.എം. ഹനീഫ, എളനാട് കിഴക്കുമുറി മഹല്ല് കമ്മിറ്റി സെക്രട്ടറി കെ.പി. മുഹമ്മദ്, കാളിയറോഡ് മഹല് നേർച്ച സെക്രട്ടറി കെ.എം. സെയ്തലവി എന്നിവർ കൊടിയേറ്റം കർമ്മം നിർവഹിക്കുന്നതോടെ വിവിധ യുവജന കമ്മിറ്റികളുടെ നേർച്ചയും പള്ളിയിൽ എത്തിച്ചേരും. യുവജന കമ്മിറ്റികളുടെ നേർച്ച വരുന്നതിൽ യാതൊരു ഉത്തരവാദിത്വവുമില്ലെന്നും അവരവരുടെ കമ്മിറ്റികൾ തന്നെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും പള്ളിയിലെത്തുന്ന നേർച്ചകൾക്ക് കൊടിയേറ്റി പോകുന്നതിനുള്ള സൗകര്യം പള്ളി കമ്മിറ്റി ചെയ്ത് കൊടുക്കുന്നതാണെന്നും കൊവിഡ് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും പ്രസിഡന്റ് വി.എസ്. കാസിം ഹാജി, സെക്രട്ടറി കെ.എം. രാജേഷ്ഖാൻ, ട്രഷറർ പി.എസ്. മൊയ്തീൻകുട്ടി, വൈസ് പ്രസിഡന്റ് അബ്ദുൾ ജബാർ, ജോയിന്റ് സെകട്ടറി ആർ.വൈ. അബ്ദുൾ റഹ്മാൻ എന്നിവർ പറഞ്ഞു.