
ചാലക്കുടി: തടസങ്ങൾ മാറിയതോടെ, അരയേക്കർ സ്ഥലത്ത് വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്ന തിരക്കിലാണ് മേലൂർ കാലടിയിലെ വ്‌ളാങ്ങാട്ട് പടുതോൾ മനക്കാർ. പ്ലാവും മാവും മാത്രമല്ല മുളകളും വളർത്തി വലുതാക്കി ഇല്ലങ്ങളോട് ചേർന്നുകിടക്കുന്ന മൂന്ന് ഏക്കർ സ്വാഭാവിക വനത്തോട് ചേർക്കുകയാണ് ലക്ഷ്യം.
പാരമ്പര്യമായി ലഭിച്ച ഭൂമിയും അതിലെ കൊച്ചുവനവും നിധി പോലെ കാത്തുസൂക്ഷിക്കാൻ ഇപ്പോഴത്തെ തലമുറയിലെ അഞ്ച് സഹോദരന്മാർ അരയും തലയും മുറുക്കി രംഗത്തുണ്ട്. ചാലക്കുടിപ്പുഴത്തീരത്ത് മരങ്ങൾ വളർന്നു നിൽക്കുന്ന പറമ്പും അതിനിടയിലെ വീടും പുതുമയുള്ളതല്ല. എന്നാൽ വനത്തിന്റെ സ്വാഭാവിക വളർച്ചയ്ക്കായി താമസം ഒരറ്റത്തേയ്ക്ക് മാറ്റിയ പ്രത്യേകത ഈ ഇല്ലങ്ങൾക്ക് മാത്രമായിരിക്കും. പുഴയോട് ചേർന്നുള്ള അമ്പത് സെന്റ് ഭൂമിയിൽ കൊരട്ടി മദുരാകോട്‌സിലേക്കുള്ള 11 കെ.വി വൈദ്യുതി ലൈൻ കടന്നുപോയിരുന്നു. ഈയിടെയാണ് അതില്ലാതായത്. ഉടനെ ഇവർ വൃക്ഷത്തൈ നടുന്ന ദൗത്യത്തിലേയ്ക്ക് തിരിഞ്ഞു.
നാരായണൻ, വിഷ്ണു, പരമേശ്വരൻ, വാസുദേവൻ, ശങ്കരനാരായണൻ എന്നിവരാണ് വീടിന് ചുറ്റുമുള്ള മരങ്ങളെ പോറ്റുന്നത്. ഇല്ലങ്ങളുടെ ഭാഗം വയ്‌പ്പെല്ലാം നേരത്തെ നടന്നെങ്കിലും പിൻഭാഗത്ത് വനഭൂമിക്ക് അതിർ വരമ്പില്ല. തേക്ക്, മഹാഗണി എന്നുവേണ്ട സർവ മരങ്ങളും ഇവിടെയുണ്ട്. പാരമ്പര്യത്തിന് മുതൽക്കൂട്ടായി രണ്ടു കാവുകളും. ഇവയ്ക്ക് അലങ്കാരമായി നിരവധി ചിതൽപ്പുറ്റും കാണാം. വനത്തിൽ വീഴുന്ന ഇലകളും മറ്റും എടുത്തു കളയാറില്ല. ദാഹജലം ജീവാമൃതമെന്ന ഉത്തമ ബോദ്ധ്യമാണ് അഞ്ചു കുടുംബത്തിനുമായി ഒരു കിണർ മതിയെന്ന തത്വത്തിന് പ്രേരിപ്പിച്ചതെന്ന് നാലാമത്തെ മകനും മുംബയിലെ ചിത്രകലാ അദ്ധ്യാപകനുമായ വാസുദേവൻ പറയുന്നു.
ഉടുമ്പ്, മുയൽ, പക്ഷികൾ തുടങ്ങിയ ജീവികൾ ഇവിടെ ധാരാളമായിരുന്നു. പ്രളയത്തിന് ശേഷം ആവാസ വ്യവസ്ഥയ്ക്ക് മാറ്റം വന്നുവെന്നാണ് ഇവരുടെ അനുഭവം. ആദ്യകാലത്തെ പല ജീവികളും ഇന്നു കാണാനില്ല. പകരമെത്തിയ മലയണ്ണാന്മാരാകട്ടെ കാർഷിക വിളകളെ മുച്ചാലും നശിപ്പിക്കുന്നു. ആദ്യകാലത്ത് പറമ്പിലെ കുളിക്കടവ് പൊതുജനങ്ങൾക്കുള്ളതായിരുന്നു. പുഴയുടെ ഗതി മാറിയപ്പോൾ അതു നശിച്ചു പോയതും വാസുദേവൻ നമ്പൂതിരി ഓർമ്മിക്കുന്നു. വനവത്കരണത്തിനായി കോടികൾ ചെലവഴിച്ച് വൃഥാവിലാക്കുന്ന വനം വകുപ്പിനും സംഘടനകൾക്കും ചൂണ്ടു വിരലാവുകയാണ് മേലൂർ കാലടിയിലെ ഇല്ലങ്ങൾ.