പാവറട്ടി: എളവള്ളിയിൽ വില്ലേജ് ഓഫീസർ ഇല്ലാതായിട്ട് നാലു മാസമായി. വിവിധ ആവശ്യങ്ങൾക്കായെത്തുന്ന പൊതുജനങ്ങൾക്ക് സേവനങ്ങൾ ലഭ്യമാകാതെ ബുദ്ധിമുട്ടുന്നു. വില്ലേജ് ഓഫീസറും രണ്ട് വില്ലേജ് അസിസ്റ്റന്റുമാരും രണ്ട് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്മാരടക്കം അഞ്ച് ജീവനക്കാരാണ് ഇവിടെ ഉണ്ടായിരുന്നത്. 2021 ഒക്ടോബറിൽ എളവള്ളി വില്ലേജ് ഓഫീസറായിരുന്ന സോണിയ കെ.എസ് ഏറനാട് താലൂക്കിലേക്ക് ഡെപ്യൂട്ടി തഹസിൽദാറായി പ്രമോഷൻ ലഭിച്ച് പോയതിനു ശേഷം പുതിയ വില്ലേജ് ഓഫീസറായി ആരും തന്നെ ചാർജ് എടുത്തിട്ടില്ല. കുറച്ചു നാൾ പാവറട്ടിയിലെ വില്ലേജ് ഓഫീസർക്കായിരുന്നു ചുമതല. ഇപ്പോൾ ഒന്നിടവിട്ട ദിവസങ്ങളിൽ നാട്ടിക വില്ലേജ് ഓഫീസറാണ് എത്തുന്നത്. ഇതുമൂലം സേവനങ്ങൾക്ക് കാലതാമസം നേരിടുന്നതായി പൊതുജനങ്ങൾ പറഞ്ഞു. ഇതിനിടെ വില്ലേജ് അസിസ്റ്റന്റിനെ സ്ഥലം മാറ്റുകയും ചെയ്തു. ഏതെങ്കിലും ഒരു സമയത്ത് വരുന്നുണ്ടെങ്കിലും ജനങ്ങളുടെ ആവശ്യങ്ങൾ കൃത്യമായി നിറവേറ്റാൻ സാധിക്കുന്നില്ല. ഇതിനു പുറമെയാണ് വില്ലേജ് അസിസ്റ്റന്റ് എ.ഡി. ജോഷിയെ സ്ഥലം മാറ്റിയത്. വില്ലേജ് ഓഫീസറേയും ആവശ്യമായ ജീവനക്കാരേയും അടിയന്തരമായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എളവള്ളി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.ജെ.സ്റ്റാൻലി കളക്ടർക്കും തഹസിൽദാർക്കും പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.
എളവള്ളിയിലേത് ഗ്രൂപ്പ് വില്ലേജ് ഓഫീസ്
ബ്രഹ്മംകുളം, എളവള്ളി വില്ലേജുകളുടെ ഗ്രൂപ്പ് വില്ലേജ് ഓഫീസാണിത്. ഭൂപ്രകൃതിയിലും അംഗസംഖ്യയിലും മറ്റു വില്ലേജുകളെ അപേക്ഷിച്ച് വളരെ കൂടുതലുള്ള സ്ഥലമാണ് എളവള്ളി. ജാതി സർട്ടിഫിക്കറ്റിനും വരുമാന സർട്ടിഫിക്കറ്റിനും ആവശ്യക്കാർ അനേകമുള്ള സ്ഥലം കൂടിയാണിവിടം.
വില്ലേജോഫീസറേയും മറ്റ് ജീവനക്കാരെയും അടിയന്തരമായി നിയമിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് നാളെ വീണ്ടും വില്ലേജ് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തും. സി.ജെ.സ്റ്റാൻലി (എളവള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്)