കൊടുങ്ങല്ലൂർ: കോളജ് ഹോസ്റ്റലിൽ ക്രിമിനൽ സംഘത്തിന്റെ അക്രമണവും ഭീഷണിയും. പി. വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജ് ജെന്റ്സ് ഹോസ്റ്റലിൽ വെള്ളിയാഴ്ച രാത്രി പത്തോടെയാണ് സംഭവം.

അക്രമത്തിനിരയായ ഒരു വിദ്യാർത്ഥിയുടെ മൂക്കിൽ നിന്ന് രക്തം വന്നു. പുറത്തിഞ്ഞാൽ ഇനിയും അക്രമമുണ്ടാകുമെന്ന് ഭീഷണി മുഴക്കിയതിനാൽ ആരും തന്നെ ചികിത്സ തേടാൻ തയ്യാറായില്ലെന്നാണ് പറയുന്നത്. ഭീകരാവസ്ഥ സൃഷ്ടിച്ച അക്രമി സംഘത്തിൽ ഒരാൾ കോളേജിലെ വിദ്യാർത്ഥിയാണെന്നാണ് വിവരം. ബാക്കിയുള്ളവർ വിവിധ അക്രമ സംഭവങ്ങളിൽ പ്രതികളും പുറത്ത് നിന്നുള്ളവരാണെന്നും സൂചനയുണ്ട്. വെള്ളിയാഴ്ച കോളേജ് ഗെയ്റ്റിന് പുറത്ത് ഏതാനും വിദ്യാർത്ഥികൾ തമ്മിൽ നടന്ന തർക്കത്തിന്റെ തുടർച്ചയാണ് രാത്രി ഹോസ്റ്റലിൽ ഉണ്ടായത്. എന്നാൽ സംഘം തേടിവന്ന വിദ്യാർത്ഥി സ്ഥലത്ത് ഉണ്ടായിരുന്നില്ല. തുടർന്ന് ഇവർ മറ്റ് വിദ്യാർത്ഥികൾക്ക് നേരെ തിരിയുകയായിരുന്നു.

വെള്ളിയാഴ്ചയായതിനാൽ ഹോസ്റ്റലിൽ താമസിക്കുന്ന ഭൂരിപക്ഷം വിദ്യാർത്ഥികളും അദ്ധ്യാപകരും വീട്ടിൽ പോയിരിക്കുകയായിരുന്നു. ഈ സമയത്തായിരുന്നു ആയുധങ്ങളുമായി പ്രതികൾ അക്രമം നടത്തിയത്. ഭയപ്പാടിലായ വിദ്യാർത്ഥികൾ പൊലീസിൽ പരാതി നൽകാൻ പോലും തയ്യാറായിട്ടില്ല. അതേ സമയം കോളേജ് അധികൃതർ മതിലകം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.