1
ഗുരുവായൂരപ്പന് ആയിരം കുടം കലശവും ബ്രഹ്മകലശവും അഭിഷേകം ചെയ്യുന്നതിനായി ശ്രീലകത്തേക്ക് ബ്രഹ്മകലശം എഴുന്നള്ളിക്കുന്നു.

ഗുരുവായൂർ: ക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് കൊടിയേറും. കൊവിഡ് പശ്ചാത്തലത്തിൽ കലാപരിപാടികൾ ഉൾപ്പെടെ ഒഴിവാക്കി ആചാരച്ചടങ്ങുകൾ മാത്രമായാണ് ഇത്തവണ ക്ഷേത്രോത്സവം. ഇന്ന് രാവിലെ ഏഴിന് ആനയില്ലാശീവേലി. ഉച്ചതിരിഞ്ഞ് മൂന്നിന് ആനയോട്ടം ചടങ്ങ്. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ഉത്സവച്ചടങ്ങുകൾക്കായുള്ള ഭക്തിനിർഭരമായ ആചാര്യവരണം. തുടർന്ന് മുളയറയിൽ മുളയിടൽ തുടങ്ങിയ ചടങ്ങുകൾ നടക്കും.

രാത്രി കുംഭത്തിലെ പൂയം നക്ഷത്രത്തിൽ ധ്വജസ്തംഭത്തിൽ ക്ഷേത്രം തന്ത്രി കൊടികയറ്റുന്നതോടെ പത്ത് ദിവസം നീളുന്ന ഉത്സവത്തിന് തുടക്കമാകും. അത്താഴപൂജയ്ക്ക് ശേഷം ശ്രീഭൂതബലി, കൊടിപ്പുറത്ത് വിളക്ക് എന്നീ ചടങ്ങുകളും നടക്കും. പത്തു ദിവസത്തെ ഉത്സവത്തിന് ഈ മാസം 23ന് ആറാട്ടോടെ സമാപനമാകും. ഇന്ന് ദീപാരാധനയ്ക്ക് ശേഷം കൊടിയേറ്റവും അത്താഴപൂജ കഴിയുംവരെ ഭക്തജനങ്ങൾക്ക് നാലമ്പലത്തിനകത്തേക്ക് പ്രവേശന നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.