zoo

വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണർവ് ലക്ഷ്യമിട്ട്, സർക്കാരിന്റെ ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയുടെ ഭാഗമായി പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനും വഴി തുറക്കുകയാണ്. അതായത് വിനോദ സഞ്ചാരകേന്ദ്രങ്ങൾ നാട്ടിൻപുറങ്ങളിലും ഇനി നിലയുറപ്പിക്കുമെന്ന് ചുരുക്കം. വിനോദകേന്ദ്രങ്ങളുടെ വികസനത്തിനാവശ്യമായി വരുന്ന ആകെ തുകയുടെ 60 ശതമാനം തുകയോ പരമാവധി 50 ലക്ഷം രൂപ വരെയോ സർക്കാർ പ്രത്യേക ധനസഹായമായി ലഭ്യമാക്കുമെന്നാണ് പറയുന്നത്. സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി സമഗ്രമായ പ്രാദേശിക സാമ്പത്തിക വികസനം സാദ്ധ്യമാകുന്ന തരത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തദ്ദേശഭരണ സ്ഥാപനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കുന്ന തരത്തിലാണ് പദ്ധതികൾ ആവിഷ്‌കരിക്കുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളെ ഒരുക്കാനുള്ള പദ്ധതി നിർദ്ദേശങ്ങൾ ഫെബ്രുവരി 28 ന് സമർപ്പിക്കാൻ തൃശൂർ ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾക്ക് ആസൂത്രണ സമിതിയോഗം നിർദ്ദേശം നൽകിക്കഴിഞ്ഞു.ജില്ലയിൽ പൊതുശ്രദ്ധയിൽ വരാത്ത നിരവധി പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് ഇത് ഒരു മുതൽകൂട്ടാവും.

കായൽ ടൂറിസം : സാദ്ധ്യതകളേറെ

വിനോദ സഞ്ചാരസാദ്ധ്യതയിലേക്ക് വിരൽ ചൂണ്ടുന്നതാണ് പുത്തൂർ കായൽ ടൂറിസം. കായലോരത്ത് സഞ്ചാരികൾക്ക് വരാനുള്ള സൗകര്യം ഒരുക്കിയും മീൻ വളർത്തലും ബോട്ടിംഗ് സൗകര്യം സജ്ജമാക്കിയും സുവോളജിക്കൽ പാർക്കിലേക്ക് വരുന്ന വിനോദസഞ്ചാരികളെക്കൂടി ആകർഷിക്കാനാണ് ഒരുക്കം. മണ്ണെടുത്ത് ബണ്ട് ഉയർത്തി ബോട്ടിംഗ് സൗകര്യമുണ്ടാക്കാം. മാനസസരോവരം എന്ന പേരിലാണ് പദ്ധതിയൊരുങ്ങുന്നത്. ജില്ലയിൽ നിന്നും സംസ്ഥാന സർക്കാരിലേക്ക് സമർപ്പിച്ച ജലരക്ഷ ജീവരക്ഷ വെണ്ണൂർത്തുറ നീർത്തട പദ്ധതി' എന്ന പ്രോജക്ടിനും, കൊടകര ബ്ലോക്ക് പഞ്ചായത്തിന്റെ 'ഷീ വർക്ക് സ്‌പേസ് എന്ന സംയുക്ത പ്രോജക്ടിനും സംസ്ഥാന സർക്കാരിന്റെ പ്രത്യേക ധനസഹായമായി രണ്ട് കോടി രൂപ വീതം ലഭ്യമായിട്ടുണ്ട്. ജലരക്ഷ ജീവരക്ഷ പദ്ധതി കുളങ്ങളുടെ സംയുക്ത പ്രോജക്ടുകൾ തയ്യാറാക്കി സർക്കാർ ധനസഹായത്തിനായി സമർപ്പിക്കും. 64 കുളങ്ങൾ സംരക്ഷിച്ച് വെള്ളം സംഭരിക്കും പുത്തൂരിൽ മാനസസരോവരം പുത്തൂർ പഞ്ചായത്തിലെ 'മാനസസരോവരം പുത്തൂർ കായൽ നവീകരണം' എന്ന ഇക്കോടൂറിസം സംയുക്ത പ്രോജക്ടിന്റെ വിശദമായ പ്രോജക്ട് റിപ്പോർട്ട് ധനപൊതുമരാമത്ത് വിനോദ സഞ്ചാര റവന്യൂ തദ്ദേശവകുപ്പ് മന്ത്രിമാർക്കും സംസ്ഥാന ആസൂത്രണ ബോർഡിനും പ്രത്യേക ധനസഹായം ലഭ്യമാകുന്നതിനായി ജില്ലാആസൂത്രണ സമിതി തീരുമാനപ്രകാരം സമർപ്പിച്ചിട്ടുണ്ട്.

ഡാം ടൂറിസവും

ടൂറിസം മേഖലയ്ക്ക് ഊന്നൽ നൽകി കൊവിഡ് കാല മുരടിപ്പിനെ മറികടക്കാനൊരുങ്ങുമ്പോൾ ജില്ലയിൽ ഡാം ടൂറിസം സർക്യൂട്ട് വേണമെന്ന ആവശ്യത്തിന് പ്രസക്തിയേറുന്നു. പുത്തൂർ സുവോളജിക്കൽ പാർക്കും കുതിരാൻ ടണലുമെല്ലാം തൃശൂരിന്റെ വിനോദസഞ്ചാര, ഗതാഗത മേഖലകളിൽ സാദ്ധ്യത സൃഷ്ടിക്കുമ്പോഴാണ് നിലവിലെ വിനോദസഞ്ചാര പദ്ധതികളിൽ നിന്നും വേറിട്ട പാത കൂടി വേണമെന്ന ആവശ്യമുയരുന്നത്. മാസങ്ങൾക്ക് മുൻപ് ടൂറിസം വകുപ്പിന്റെ അവലോകന യോഗത്തിൽ മന്ത്രി കെ. രാജൻ ഈ ആവശ്യം ഉന്നയിച്ചിരുന്നു. പുതിയ സാദ്ധ്യത കണ്ടെത്തി ഫലപ്രദമായി ഉപയോഗിക്കാൻ, എല്ലാ വകുപ്പുകളെയും ഉൾച്ചേർക്കാനായിരുന്നു യോഗത്തിലെ തീരുമാനം. ഓണക്കാലത്ത് വിനോദയാത്രക്കാരുടെ വൻ തിരക്കായിരുന്നു പീച്ചിയിലും കുതിരാനിലും ചിമ്മിനിയിലും വാഴാനിയിലുമെല്ലാം. അതിരിപ്പിള്ളിയായിരുന്നു മുൻകാലങ്ങളിലെ പ്രധാന ഇടം. എന്നാൽ, കഴിഞ്ഞ ഓണാവധിയിൽ വിനോദയാത്രക്കാരുടെ പുതിയ സഞ്ചാരവഴിയായി കുതിരാൻ, പീച്ചി പാത മാറി. തൃശൂരിൽ നിന്നുള്ളവർ കൊമ്പഴ വരെയെത്തി അവിടെ നിന്നും തിരിച്ച് കുതിരാൻ തുരങ്കത്തിലൂടെ പട്ടിക്കാട്ടെത്തി പീച്ചി ഡാം സന്ദർശിച്ചാണ് മടങ്ങിയത്. പാലക്കാട് ഭാഗത്ത് നിന്നുള്ളവർ കുതിരാൻ തുരങ്കത്തിലൂടെ കടന്ന് നേരിട്ട് പീച്ചിയിലെത്തി. കുതിരാൻ ടണൽ അവസാനിക്കുന്ന വഴുക്കുംപാറയിൽ നിന്ന് മലയോര പാതയിലൂടെ പീച്ചിയിലേക്കുള്ള വഴിയിലൂടെയും സന്ദർശകരെത്തി. നിർദിഷ്ട മലയോര ഹൈവേ ഈ വഴിയിലൂടെ അനുവദിക്കുകയും മൈലാട്ടുംപാറ പട്ടിലുംകുഴി പാലം പൂർത്തിയാവുകയും ചെയ്താൽ കുതിരാനിൽ നിന്ന് പീച്ചിയിലേക്ക് എളുപ്പം എത്തിച്ചേരാനാകും. പീച്ചി ഡാമും ഉദ്യാനവും ആസ്വദിച്ചു മടങ്ങുന്നവർ കെ.എഫ്.ആർ.ഐക്ക് സമീപത്തും തമ്പടിച്ചു. നാല് ദിവസത്തിനിടെ പീച്ചി ഡാമിൽ ഗേറ്റ് കളക്ഷൻ മൂന്ന് ലക്ഷമായിരുന്നു.

പുത്തൂർ പാർക്ക് ഈ വർഷം തന്നെ തുറക്കുമെന്ന പ്രതീക്ഷയിലാണ്. നിർമ്മാണ പ്രവർത്തനം അവസാന ഘട്ടത്തിലാണ്. പീച്ചി ഡാമും ചിമ്മിനിയും പുത്തൂർ പാർക്കും എളുപ്പത്തിൽ സന്ദർശിക്കാൻ കഴിയുന്ന പാത ഉണ്ടായാൽ വിനോദ സഞ്ചാരരംഗത്ത് അത് പുതുവഴിയാകും. ആഭ്യന്തര ടൂറിസ്റ്റുകളെ ആകർഷിക്കാനാകുന്ന പുതിയ പദ്ധതി വഴി ഡാമുകളിലേക്കുള്ള നിലവിലുള്ള റോഡ് വികസിപ്പിക്കാം. റോഡുകൾക്കായോ മറ്റോ സ്ഥലമേറ്റെടുക്കേണ്ട. മലയോര ഹൈവേ വരുന്നതോടെ പീച്ചി, മാന്ദാമംഗലം, ചിമ്മിനി വഴി സുഗമമാകും. പീച്ചി ഡാം, ചിമ്മിനി ഡാം, പുത്തൂർ സൂവോളജിക്കൽ പാർക്ക് എന്നിവയെ ബന്ധപ്പെടുത്തി തന്നെ ഡാം ടൂറിസം സർക്യൂട്ട് ആരംഭിക്കേണ്ടതുണ്ട്. പീച്ചിയുടെ സമഗ്രവികസനത്തിനായി എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി മാസ്റ്റർ പ്ലാനും വേണം. പീച്ചിയും ചിമ്മിനിയും പാർക്കും മാത്രമല്ല, വാഴാനി, അതിരിപ്പിള്ളി ഡാമുകളിലേക്കുമുള്ള റോഡുകൾ ബന്ധിപ്പിക്കാൻ കഴിഞ്ഞാൽ അത് വലിയ മാറ്റമുണ്ടാക്കും.