thozhil

തൃശൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ ഒന്നാം സ്ഥാനം നേടി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്. ഏറ്റവും കൂടുതൽ തൊഴിൽ ദിനം സൃഷ്ടിച്ചാണ് ഒല്ലൂക്കര ബ്ലോക്ക് ഈ നേട്ടം കൈവരിച്ചത്. ആകെ തൊഴിൽ ദിനത്തിന്റെ 108.3 ശതമാനം എന്ന ലക്ഷ്യമാണ് ബ്ലോക്ക് കൈവരിച്ചത്. 29,67,07 തൊഴിൽ ദിനങ്ങളാണ് ലഭിച്ചത്. ഒല്ലൂക്കര ബ്ലോക്കിന് കീഴിലെ മാടക്കത്തറ, നടത്തറ, പുത്തൂർ, പാണഞ്ചേരി പഞ്ചായത്തുകളിലായി 5388 തൊഴിലുറപ്പ് തൊഴിലാളികളുണ്ട്. പാണഞ്ചേരി പഞ്ചായത്തിലെ ഒളകര ആദിവാസി ഊരിൽ നിന്ന് കാട്ടിലേയ്ക്ക് മൺപാത നിർമ്മിച്ചത് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ്.
ലോകോത്തര നിലവാരത്തിലുള്ള പുത്തൂരിലെ സുവോളജിക്കൽ പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങളിലും തൊഴിലുറപ്പ് തൊഴിലാളികൾ ഭാഗമായിട്ടുണ്ട്. 23 ആവാസ സ്ഥലങ്ങളിലൂടെ പുരോഗമിക്കുന്ന സുവോളജിക്കൽ പാർക്കിന്റെ ഭൂവികസന പ്രവർത്തനങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പിലാക്കി വരുന്നത്.