
തൃശൂർ: വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ യു.പി.ഐ പേമെന്റിനായി ഒട്ടിച്ചിരിക്കുന്ന ക്യു ആർ കോഡ് സ്റ്റിക്കറിൽ മുതൽ യു.എസ്.ബി ഉപകരണങ്ങളിൽ വരെ കൃത്രിമം നടത്തി തട്ടിക്കുന്ന സൈബർ സംഘങ്ങൾ പെരുകുന്നു. കടകളിലേക്കുള്ള തുക സ്‌കാൻ ചെയ്ത് പേ ചെയ്യുമ്പോൾ അതിന് പുറത്തെ വ്യാജ സ്റ്റിക്കർ ശ്രദ്ധിക്കാത്തതിനാൽ തുക തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കാകും പോകുന്നത്. ഇങ്ങനെ നിരവധി തട്ടിപ്പുകൾ ശ്രദ്ധയിൽപെട്ടതോടെ വ്യാജ ക്യു.ആർ കോഡുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. ക്യുആർ കോഡ് തങ്ങളുടേതാണെന്ന് വ്യാപാരികൾ ഉറപ്പുവരുത്തണമെന്നും സ്‌കാൻ ചെയ്യുമ്പോൾ ഉപഭോക്താക്കൾ ശ്രദ്ധിക്കണമെന്നുമാണ് പൊലീസ് നിർദ്ദേശം.
കമ്പ്യൂട്ടറിൽ നിന്ന് ഡാറ്റകൾ കൈമാറാൻ ഉപയോഗിക്കുന്ന യു.എസ്.ബി വഴിയുള്ള ആക്രമണത്തിലൂടെ കുറ്റവാളികൾക്ക് കമ്പ്യൂട്ടറുകളെ വിദൂരത്തിരുന്നും (റിമോട്ട് ആക്‌സസ്) നിയന്ത്രിക്കാം. മാൽവെയർ, റാൻസംവെയർ എന്നിവ അടങ്ങിയ യു.എസ്.ബി ഡ്രൈവ്, തട്ടിപ്പ് സംഘം പ്രശസ്ത ഓൺലൈൻ കമ്പനികളുടെ പേരിൽ വ്യാജ ഗിഫ്റ്റ് കാർഡിനോടൊപ്പം അയച്ചുകൊടുക്കുന്നുണ്ടെന്നാണ് വിവരം. കമ്പ്യൂട്ടറിൽ പ്ലഗ് ചെയ്യുമ്പോഴാണ് യു.എസ്.ബി വഴിയുള്ള സൈബർ ആക്രമണം ഉണ്ടാകുന്നത്. വൈറസുകൾ അടങ്ങിയ യു.എസ്.ബി ഉപകരണങ്ങൾ ഉപയോക്താവ് നെറ്റ്‌വർക്കിലോ സിസ്റ്റത്തിലോ പ്ലഗുചെയ്യുമ്പോൾ, വ്യത്യസ്ത രീതികളിലുളള സൈബർ ആക്രമണങ്ങൾക്ക് വിധേയരാകും. സംശയം തോന്നാത്ത വിധം ഇവ സാധാരണ യു.എസ്.ബി ഉപകരണം പോലെ കാണപ്പെടും. യു.എസ്.ബി ഉപകരണം ഉപയോഗിച്ച് കമ്പ്യൂട്ടറിനെ വിദൂരത്തിരുന്ന് നിയന്ത്രിക്കാൻ ഇവർക്കാകുകയും ചെയ്യും.
ഇലക്ട്രിക് ആക്രമണങ്ങൾക്കും സാദ്ധ്യത
ഇലക്ട്രിക് ആക്രമണങ്ങൾക്കും സൈബർ തട്ടിപ്പുകാർ ലക്ഷ്യമിടുന്നുണ്ട്. യു.എസ്.ബി ഉപകരണം ഒരു കമ്പ്യൂട്ടറിന്റെ യു.എസ്.ബി പവർ ലൈനിൽ നിന്ന് ഒരു നിശ്ചിത അളവ് വരെ വൈദ്യുതി സംഭരിക്കുകയും പിന്നീട് അത് ഡിസ്ചാർജ് ചെയ്യുകയും ബന്ധിപ്പിച്ച കമ്പ്യൂട്ടറിനെ നശിപ്പിക്കുകയും ചെയ്യുമെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
മുൻകരുതൽ എടുക്കാം
അപരിചിതരിൽ നിന്നും അജ്ഞാത ഇടങ്ങളിൽ നിന്നുമുളള പെൻഡ്രൈവുകൾ ഉപയോഗിക്കാതിരിക്കുക.
ആന്റിവൈറസുകൾ, ആന്റി മാൽവെയർ പ്രോഗ്രാമുകൾ ഉപയോഗിക്കുക, സിസ്റ്റത്തിലെ ഓട്ടോ റൺ ഫീച്ചറുകൾ ഓഫാക്കുക.
ദുരുപയോഗം ചെയ്യാനായുള്ള പ്രോഗ്രാമിംഗ് കോഡുകൾ ഓട്ടോമാറ്റിക് ആയി എക്‌സിക്യൂട്ട് ചെയ്യപ്പെടുന്നത് ഇത് തടയും.
ഇത്തരം അപകടകരമായ യു.എസ്.ബി. ഉപകരണങ്ങളെക്കുറിച്ച് ജീവനക്കാരെ ബോധവാന്മാരാക്കുക.
സൈബർ ആക്രമണങ്ങൾ ഉണ്ടായാൽ cybercrime.gov.in പോർട്ടൽ വഴി റിപ്പോർട്ട് ചെയ്യാം.
സുരക്ഷാ മാർഗ്ഗങ്ങൾക്കായി @CyberDost on Twitter, Cyber Dost on Facebook, @cyberdosti4c on instagram എന്നിവ പിന്തുടരുക.
ഹെൽപ്പ് ലൈൻ നമ്പർ 1930
വർദ്ധിച്ചുവരുന്ന സൈബർ ക്രൈം കേസുകളെ പ്രതിരോധിക്കാൻ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം (എം.എച്ച്.എ) സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ 1930 ആരംഭിച്ചു. നേരത്തെ അനുവദിച്ച 155260 എന്ന നമ്പറിന് പകരം ഘട്ടം ഘട്ടമായി മാറും. പൊതുജനങ്ങൾക്ക് പരാതി രജിസ്റ്റർ ചെയ്യാനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കാനുമുള്ള സഹായം സ്വീകരിക്കുന്നതിനും ഹെൽപ്പ്‌ലൈൻ നമ്പർ ഉപയോഗിക്കാം. സൈബർ കുറ്റകൃത്യത്തിന് ഇരയായിട്ടുണ്ടെങ്കിൽ, റിപ്പോർട്ട് ചെയ്യാൻ ഉടൻ 1930 ൽ വിളിക്കണം.