jalam

ചേർപ്പ്: വർഷങ്ങൾ പഴക്കമേറിയ ചേർപ്പ് ഭഗവതി ക്ഷേത്രം ചിറ്റൂർ മന പരിസരത്ത് ഉപയോഗ്യശൂന്യമായി കിടന്നിരുന്ന കരിങ്കൽ തൊട്ടികൾക്ക് പുനർമോക്ഷം. ആദ്യകാലങ്ങളിൽ ഗോക്കൾക്കും പക്ഷിമൃഗാദികൾക്കും ജലലഭ്യതയ്ക്കായി ഉപയോഗിച്ചിരുന്നതാണിത്. കീഴാറ്റുള്ളി ക്ഷേത്രമതിലിനോട് ചേർന്ന മൂന്ന് കരിങ്കൽ തൊട്ടികൾക്കാണ് പരിസരത്തെ യുവാക്കളുടെ കൂട്ടായ്മയിൽ പുനർജന്മം ലഭിച്ചത്.

തൊട്ടികളിൽ ജലവും പായൽച്ചെടികളും നിറഞ്ഞ അവസ്ഥയിലായിരുന്നു. തൊട്ടികളും പരിസരഭാഗങ്ങളും യുവാക്കളുടെ കൂട്ടായ്മ വൃത്തിയാക്കിയിട്ടുണ്ട്. വേനൽക്കാലത്ത് കരിങ്കൽ തൊട്ടികൾ ഉപയോഗപ്രദമായതോടെ പക്ഷികൾക്കും മറ്റും ദാഹമകറ്റാൻ സൗകര്യപ്രദമാകും.

അലങ്കാരമത്സ്യക്കുഞ്ഞുങ്ങളെയും തൊട്ടിയിൽ നിക്ഷേപിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് ഭഗവതി ക്ഷേത്ര പരിസര കൂട്ടായ്മ പ്രവർത്തകർ പറഞ്ഞു. ശിവൻ ആത്ര, രാമചന്ദ്രൻ, അജു കോന്നങ്ങത്ത്, അനു കണേമ്പത്ത്, സുരേഷ്, മുരളി, വിപിൻ, സന്തോഷ് എന്നിവർ നേതൃത്വം നൽകി.